ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 25.19 ശതമാനമായി ഉയർന്നുവെന്നും 14 ദിവസം മുമ്പ് ഇത് 13.06 ശതമാനമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.രാജ്യത്തെ കൊവിഡ് മരണങ്ങളിൽ 49 ശതമാനവും 60 വയസിൽ താഴെ പ്രായമുള്ളവരാണ്.മറ്റുഅസുഖങ്ങൾ കൂടിയുള്ളവരാണ് മരിച്ചവരിൽ 78 ശതമാനവും. മരണനിരക്ക് 3.2 ശതമാനം. മരിച്ചവരിൽ 65 ശതമാനം പേരും പുരുഷൻമാരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് കേസുകളുടെ ഇരട്ടിയാകൽ നിരക്ക് 3.4 ൽ (ലോക്ക് ഡൗണിന് മുൻപ്) നിന്ന് 11 ദിവസമായി കുറഞ്ഞു.
ഇരട്ടിയാകൽ നിരക്ക് ഡൽഹി,യു.പി, രാജസ്ഥാൻ,തമിഴ്നാട്,പഞ്ചാബ് സംസ്ഥാനങ്ങളിൽ 11 മുതൽ 20 ദിവസം വരെയാണ്. കേരളം, കർണാടക, ലഡാക്, ഹരിയാന, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളിൽ 20 മുതൽ 40 ദിവസം വരെ. അസാം, തെലുങ്കാന,ചത്തീസ്ഗഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ഇതി 40 ദിവസത്തിന് മുകളിലാണ്.
രോഗവ്യാപനത്തിന്റെ വൻവർദ്ധന നിയന്ത്രിക്കാൻ ലോക്ക് ഡൗൺ മൂലം കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രമന്ത്രിതല സമിതികൾ ചെന്നൈയിലെയും ഹൈദരാബാദിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
ചെന്നൈയിൽ രോഗമുക്തി നിരക്ക് 57 ശതമാനമാണ്. 24 മണിക്കൂറിനിടെ പരിശോധനാഫലം ലഭിക്കുന്നുണ്ട്. ഇത് അഭിനന്ദനാർഹമാണ്. ഗാർഹിക പീഡന കേസുകളിലും സംസ്ഥാനം മികച്ച നടപടിയെടുക്കുന്നുണ്ട്. അതേസമയം ലോക്ഡൗൺ ശരിയായ രീതിയിൽ നടപ്പാക്കാൻ കൂടുതൽ നടപടിയെടുക്കണമെന്നും മന്ത്രിതല സമിതി നിർദ്ദേശിച്ചു.ഹൈദരാബാദിൽ മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളുമുണ്ടെന്നും
ആശുപത്രികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സമിതി റിപ്പോർട്ട് ചെയ്തു.
കണക്ക് ഇങ്ങനെ
24 മണിക്കൂറിനിടെ 1823 പുതിയ കേസുകൾ
67 മരണം
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33610. മരണം 1075
8373 പേർ രോഗമുക്തി നേടി.
മരിച്ചവരിൽ 14 ശതമാനം 0-45 വരെ പ്രായമുള്ളവർ.
34.8 ശതമാനം 45നും 60നും ഇടയിൽ പ്രായമുള്ളവർ
51.2ശതമാനം 60 വയസിന് മുകളിൽ