riddhimakapoor

ന്യൂഡൽഹി അർബുദത്തെ തുടർന്ന് മുംബയിൽ അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന്റെ മകൾ റിദ്ദിമ കപൂർ സാഹ്‌നിക്ക് ലോക്ക് ഡൗൺ സമ്മാനിച്ചത് ഇരട്ട പ്രഹരം.

ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയ റിദ്ദിമ ചാർട്ടേഡ് വിമാനത്തിൽ യാത്രയ്‌ക്ക് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് ഡൽഹി പൊലീസിന്റെ അനുമതിയോടെ 1400 കിലോ മീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് മുംബയിലെത്തിയത്. 15 മണിക്കൂറിലെറെ യാത്രചെയ്ത് എത്തിയപ്പോഴേക്കും ഋഷി കപൂറിന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞിരുന്നു. ഭർത്താവിനൊപ്പം ഡൽഹിയിലാണ് റിദ്ദിമയുടെ താമസം.

ബുധനാഴ്ച രാത്രി ഋഷിയുടെ ആരോഗ്യ നില വഷളായത് അറിഞ്ഞയുടനാണ് റിദ്ദിമ ചാർട്ടേഡ് വിമാനത്തിൽ യാത്രയ്‌ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ലോക്ക് ഡൗൺ കാരണം നിഷേധിച്ചു. ഇന്നലെ അന്ത്യം സംഭവിച്ച ശേഷം രാവിലെ 10.45ന് റോഡ് മാർഗം യാത്രയ്ക്ക് റിദ്ദിമയടക്കം അഞ്ചു പേർക്ക് ഡൽഹി പൊലീസ് അനുമതി നൽകുകയായിരുന്നു. രാത്രി വൈകിയാണ് അവരെത്തിയത്. ഋഷിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്നലെ വൈകിട്ട് 4ന് ആരംഭിച്ചിരുന്നു.

'പപ്പാ ഞാനങ്ങയെ സ്നേഹിക്കുന്നു. എന്റെ ശക്തനായ പോരാളിക്ക് അന്ത്യാഞ്ജലി. അങ്ങയുടെ മുഖം എനിക്കിനി കാണാനാകില്ല, വീണ്ടും നമ്മൾ കാണും വരെ പപ്പാ..."

- റിദ്ദിമ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്