thackeray

ന്യൂഡൽഹി: നിയമസഭാ കൗൺസിൽ അംഗമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നോമിനേറ്റ് ചെയ്തുള്ള മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി ഒപ്പുവയ്ക്കാൻ വൈകുന്നതിനാൽ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന,എൻ.സി.പി, കോൺഗ്രസ് സഖ്യത്തിന് ആശങ്ക.

മേയ് 27നുള്ളിൽ ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ താക്കറെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകും. മന്ത്രിസഭ രാജിവയ്ക്കേണ്ടിവരും. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളും മരണവും റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് ഇപ്പോൾ ഭരണപ്രതിസന്ധിയുണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകും.

മഹാരാഷ്ട്ര നിയമനിർമാണ സഭയിൽ രണ്ട് സഭകളാണുള്ളത്. നിയമസഭാ അസംബ്ലിയും നിയമസഭാകൗൺസിലും. താക്കറെ ഈ രണ്ടുസഭകളിലും അംഗമല്ല. മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറുമാസത്തിനുള്ളിൽ ഇതിലേതെങ്കിലും ഒരു സഭയിൽ അംഗമാകണമെന്നതാണ് ചട്ടം. ത്രികക്ഷി മുന്നണി നേതാവായി നവംബർ 28നാണ് താക്കറെ അധികാരമേറ്റത്.

78 അംഗ നിയമസഭാ കൗൺസിലിലേക്ക് സാഹിത്യം,ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ നിന്ന് 12 അംഗങ്ങളെയാണ് ഗവർണർക്ക് നോമിനേറ്റ് ചെയ്യാനാകുക. സാമൂഹ്യസേവന മേഖലയിൽ ഉൾപ്പെടുത്തിയാണ് മുൻപ് രാഷ്ട്രീയക്കാരെ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.നിലവിൽ ഗവർണറുടെ ക്വാട്ടയിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. നിയമസഭാ കൗൺസിലിൽ 9 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും കൊവിഡ് സാഹചര്യത്തിൽ രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പ് നടപടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവച്ചിരിക്കുന്നതിനാൽ താക്കറെയ്ക്ക് ഗവർണറുടെ തീരുമാനം നിർണായകമാണ്.

ഗവ‌ർണർ കത്തയച്ചു

ഒഴിവുള്ള 9 നിയമസഭാ കൗൺസിൽ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.സംസ്ഥാനത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണം. ലോക് ഡൗൺ നിർദ്ദേശങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യവും കത്തിൽ ചൂണ്ടിക്കാട്ടി.