ന്യൂഡൽഹി: മുൻ റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്‌ദ്ധനുമായ രഘുറാം രാജനെ അഭിമുഖം ചെയ്‌ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പുതിയ റോളിലെത്തി. കൊവിഡ് പ്രതിസന്ധിയും ബന്ധപ്പെട്ട സാഹചര്യങ്ങളും വിഷയമായ അഭിമുഖത്തിലൂടെ രാഷ്‌ട്രീയത്തിനൊപ്പം മാദ്ധ്യമ പ്രവർത്തനവും തനിക്ക് വഴങ്ങുമെന്ന് രാഹുൽ തെളിയിച്ചു. കൊവിഡ് മൂലമുള്ള പ്രതിസന്ധിയിൽ വലയുന്ന പാവപ്പെട്ടവർക്ക് അടിയന്തരമായി 65000 കോടിരൂപയുടെ സഹായമെത്തിക്കണമെന്ന് രഘുറാംരാജൻ പറഞ്ഞു.
ഇന്ത്യയിൽ പ്രതിദിനം നടത്തുന്ന കൊവിഡ് പരിശോധനയുടെ എണ്ണം കുറവാണെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച രഘുറാം രാജൻ ദിവസം 20ലക്ഷം പരിശോധനയെങ്കിലും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി. വൈറസ് ഭീഷണി നിലനിൽക്കെ ലോക്ക് ഡൗൺ പിൻവലിച്ചാൽ അബദ്ധമാകുമെന്നുംപാശ്ചാത്യ ലോകത്തെ അപേക്ഷിച്ച് സാമ്പത്തിക സ്രോതസുകൾ കുറവായതിനാൽ ഇന്ത്യയിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കുമെന്നും രഘുറാം രാജൻ പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തിലൂടെ കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നല്ല മുന്നേറ്റമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. തന്റെ പിതാവ് രാജീവ് ആവിഷ്‌കരിച്ച പഞ്ചായത്തിരാജ് ശരിയായ രീതിയിലല്ല ഇപ്പോൾ നടപ്പാക്കുന്നതെന്നും രാഹുൽ പറഞ്ഞു.