ന്യൂഡൽഹി : ലോക്ക് ഡൗൺ കണക്കിലെടുത്ത് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഡൽഹി ജെ.എൻ.യു പ്രവേശന പരീക്ഷ, ദേശീയ ഹോട്ടൽ മാനേജ്‌മെന്റ് കൗൺസിൽ സംയുക്ത പ്രവേശന പരീക്ഷ, ഇന്ദിരാഗാന്ധി ഓപ്പൺ സർവ്വകലാശാല പിഎച്ച്.ഡി, ഓപ്പൺ മാറ്റ്(എം.ബി.എ) പ്രവേശന പരീക്ഷ, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് പരീക്ഷ എന്നിവയ്‌ക്ക് മേയ് 15 വരെ അപേക്ഷിക്കാം. അഖിലേന്ത്യാ ആയുഷ് ബിരുദാനന്തര പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ അഞ്ചുവരെ നീട്ടി. അവസാന തീയതികളിൽ വൈകിട്ട് നാലുമണിക്ക് മുമ്പ് ഓൺലൈൻ അപേക്ഷയും രാത്രി 11.50ന് മുമ്പ് അപേക്ഷാഫീസും സമർപ്പിക്കണം.