ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 20 ദിവസം പ്രായമായ കുഞ്ഞിന് ഉൾപ്പെടെ ഇന്നലെ 583 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 10490 ആയി. 432 പേരാണ് മരിച്ചത്.

മുംബയ് നഗരത്തിൽ മാത്രം 7061 കേസുകളായി. 290 പേർ മരിച്ചു. പൂനെയിൽ 1379 കേസുകളും 80 മരണവും. 12 മണിക്കൂറിനിടെ പൂനെ ജില്ലയിൽ 120 പുതിയ കൊവിഡ് ബാധിതരുണ്ടായി. ധാരാവിയിൽ 25 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ 369 ആയി.

രാജസ്ഥാനിലെ കോട്ട നഗരത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ സംവിധാനമൊരുക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. മഹാരാഷ്ട്ര, യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രത്യേക ബസ് അയച്ച് വിദ്യാർത്ഥികളെ നാടുകളിലെത്തിച്ചിരുന്നു.

ചെന്നൈ,മധുര, കൊയമ്പത്തൂർ മുൻസിപ്പിൽ കോർപറേഷനിലെ നാലുദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ അവസാനിച്ച ഇന്നലെ മാർക്കറ്റുകളിൽ വൻ തിരിക്ക് അനുഭവപ്പെട്ടു.

ലോക്ക് ഡൗൺ പിൻവലിക്കുന്നത് പരിഗണനയിലില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് അറിയിച്ചു. ഉടൻ സംസ്ഥാനന്തര ബസ് , ട്രെയിൻ,വിമാനസസർവീസുകൾ പുനരാരംഭിക്കുക സാദ്ധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിൽ 28 പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതോടെ 10000 വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾക്ക് വാങ്ങാൻ നിർദ്ദേശം നൽകി.ഹോട്ട് സ്പോട്ട് മേഖലകളിൽ സേവനം ചെയ്യുന്ന പൊലീസുകാർക്ക് ഇവ നൽകും.