പിറവം: സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് സജ്ജമായ ദുരന്ത നിവാരണ സേനയൊരുക്കുവാൻ തുക ഉൾപ്പെടുത്തി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ബജറ്റ്. 15.39 കോടിയിൽപ്പരം രൂപ വരവും 14.87 കോടിയിൽപ്പരം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സി. ബി രാജീവാണ് അവതരിപ്പിച്ചു.

51.6 കോടിയോളം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് നിർദ്ദേശങ്ങളിൽ ജീവിത ശൈലിരോഗങ്ങൾ പകർച്ച വ്യാധികളെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. യുവജനങ്ങൾക്കിടയിൽ കാർഷിക സംസ്കാരം വളർത്താൻ കാർഷിക ക്ളബ് രൂപീകരണം, നെൽകൃഷി, പാൽ ഉൽപ്പാദന വർദ്ധനവ് തുടങ്ങിയവ ലക്ഷ്യമിടുന്ന ബജറ്റ് നിർദ്ദേശങ്ങളിൽ വനിതാ ശാക്തീകരണം , കുടുംബശ്രീ റിവോൾവിംഗ് ഫണ്ട് എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് അമ്മിണി ജോർജ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതൃത്തിലുള്ള യു.ഡി.എഫ് അംഗങ്ങൾ ബജറ്റ് സമ്മേളനം ബഹിഷ്കരിച്ചു.