പള്ളുരുത്തി: കൊവിഡ് ഭീതിയുടെ നിഴലിൽ ലോകം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും കൊച്ചിൻ കോർപ്പറേഷനിലെ മാലിന്യ തൊഴിലാളികൾക്ക് വിശ്രമമില്ല.പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങുന്ന ജോലികൾ ഉച്ചവരെ തുടരും. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയാണ് ജോലി . ഹോട്ടലുകൾ അടച്ചതിനാൽ അവിടെ നിന്നുള്ള മാലിന്യങ്ങൾ എടുക്കണ്ടല്ലോ എന്നൊരു ആശ്വാസം. പലർക്കും മാസ്ക്കോ കൈ ഉറയോ ഇല്ല.സ്ഥിരം ജീവനക്കാർക്ക് ഇല്ലാത്ത സുരക്ഷാ ഉപകരണങ്ങൾ താൽക്കാലിക ജീവനക്കാർക്കും ലഭിക്കാറില്ല. പ്ളാസ്റ്റിക്ക്, ഭക്ഷ്യമാലിനും, മീൻ മാലിന്യം, കോഴി മാലിന്യം, പച്ചക്കറി, അറവ് എന്നീ മാലിന്യങ്ങൾ ഒരുമിച്ചാണ് ഡമ്പ് ചെയ്യുന്നത്. ഇത് തരം തിരിക്കാൻ തന്നെ വേണം മണിക്കൂറുകൾ. മാലിന്യ തൊഴിലാളികൾക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കാനാവില്ല. നഗരം ചീഞ്ഞ് നാറും.ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകണമെന്നും തിരിച്ചടവ് കടങ്ങൾ അധികാരികൾ ഒഴിവാക്കി തരണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജില്ലയിൽ നിരവധി സർക്കിളുകൾ ഉണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരോ ഹെൽത്ത് ഇൻസ്പെക്ടർമാരോ ഇല്ല. ഉള്ള ജീവനക്കാരെ കൊണ്ട് പണി എടുപ്പിക്കുകയാണ് കൊച്ചിൻ കോർപ്പറേഷൻ. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒഴിവുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് പി.എസ്.സി.ലിസ്റ്റിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികളെയും ജോലിക്കെടുക്കുമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഇതു വരെ ഒന്നും നടപ്പായിട്ടില്ല.