എടത്വാ: കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ കുട്ടനാട്ടിലും നെല്ല് സംഭരണം ആരംഭിച്ചിരുന്നു. എന്നാൽ, അതിനിടയിലും ചിലയിടങ്ങളിൽ കൂലിത്തർക്കവും തൊഴിലാളി പ്രശ്നങ്ങളും തലപൊക്കുകയാണ്. പാർട്ടി നേതാക്കളും പാടശേഖര സമിതിയും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് കഴിഞ്ഞദിവസമുണ്ടായ തർക്കം പരിഹരിക്കപ്പെട്ടത്. സംഭരണത്തിന് ഏജൻസികൾ വന്നപ്പോൾ ചുമട്ടു കൂലി കൂടുതൽ ആവശ്യപ്പെടുകയായിരുന്നു. ഒരേ പാടത്തുതന്നെ വിവിധ കൂലി ചോദിച്ചത് കർഷകർ അനുവദിച്ചില്ല. കൂലി കൂടുതൽ നല്‍കാതെ നെല്ല് എടുക്കില്ലെന്ന് പറഞ്ഞതോടെ തർക്കത്തിൽ കലാശിക്കുകയായിരുന്നു.

ഒരു മണിക്കൂർ ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. ഇതേ തുടർന്ന് നെല്ല് സംഭരിക്കാൻ എത്തിയ ഏജൻസികൾ സംഭരണം നടത്താതെ മടങ്ങി. കഴിഞ്ഞ സീസണിൽ ചുമട്ടു കൂലി ക്വിന്റലിന് 110 രൂപ, വാരുന്നതിന് 30, നെല്ല് പകർത്തി കയറ്റുന്നതിന് 20 എന്നിങ്ങനെ ആയിരുന്നു. നെല്ല് എടുപ്പുമായി ബന്ധപ്പെട്ട് ഏകീകൃത കൂലി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഓരോ സ്ഥലത്തും തോന്നുന്ന കൂലി വാങ്ങുന്നത് പലപ്പോഴും തർക്കത്തിനും വക്കേറ്റത്തിനും കാരണമാകുന്നുണ്ട്.

തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന പാടത്ത് നെല്ല് ചുമന്ന് പ്രധാന റോഡിൽ എത്തിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടാകുകയും 3 ദിവസം സംഭരണം മുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് തർക്കം തീർത്തത്.