കൊച്ചി: മദ്യം കിട്ടാക്കനിയായതോടെ മദ്യാസക്തിയിൽ നിന്ന് മോചനം ലഭിക്കാതെ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്‌. അമിത മദ്യാസക്തിയെന്ന ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം ഉള്ളവർ പ്രതിദിനം ചികിത്സ തേടിയെത്തുകയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ 47 പേരെയാണ് എക്സൈസ് വിഭാഗം ചികിത്സയ്ക്കായി ഡി അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റിയത്. കൊറോണ ബാധയെത്തുടർന്ന് ബാറുകളും ബിവറേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചതോടെ വിമുക്തി സെന്ററുകളിലേക്ക് എത്തുന്നവർ ഏറെയാണ്.

സ്ഥിരം മദ്യപാനികളിൽ ആരോഗ്യപ്രശ്നങ്ങൾ ഏറെ

പെട്ടെന്ന് മദ്യം ലഭിക്കാതാവുന്നതോടെ സ്ഥിരം മദ്യപാനിയായ ഒരാൾ നേരിടുന്ന പ്രാഥമിക ബുദ്ധിമുട്ടുകളെയാണ് 'വിഡ്രോവൽ സിൻഡ്രം' എന്ന് വിളിക്കുന്നത്. കൈ വിറയൽ, അമിതമായി വിയർക്കുക, പരവേശം, ഉറക്കക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ ഇത് അപകടരമായ അവസ്ഥയിലേക്ക് എത്തിയാൽ 'ഡെലിറിയം ട്രെമൻസ്' എന്ന് പറയും. ഈ ഘട്ടത്തിൽ രോഗി കൂടുതൽ അക്രമകാരിയാകും. ഓർമ്മക്കുറവ്, ആളുകളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, മതിഭ്രമം, ഇറങ്ങി ഓടുക തുടങ്ങിയ അവസ്ഥകളിലേക്കും എത്താം.

മദ്യം വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി എക്സൈസ് വകുപ്പിനെ സമീപിച്ചത്. എറണാകുളം ജില്ലയിൽ ഡോക്ടറുടെ കുറിപ്പടിയുമായി എട്ടു പേർ എക്സൈസ് ഓഫീസിലെത്തി. അഞ്ചെണ്ണം എക്സൈസ് നിരസിച്ചു. സ്വകാര്യ ഡോക്ടർമാരുടെയും വിരമിച്ച സർക്കാർ ഡോക്ടർമാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകർ എത്തിയത്. എറണാകുളത്തെ മൂന്ന് അപേക്ഷകളിൽ എക്സൈസ് കമ്മിഷണറുടെ നിർദ്ദേശം വന്ന ശേഷം തീരുമാനം എടുക്കാൻ മടക്കി.