കോലഞ്ചേരി: ക്ളീൻ ഷേവ് ചലഞ്ചുമായി ഫ്രീക്കൻമാർ രംഗത്ത്. കൊവിഡ് കൊണ്ടു പോയത് ഫാഷനും, സ്റ്റൈലും. നെയ്മർ കട്ടും ബ്രിട്ടീഷ് കട്ടിങ്ങും നടത്തിയവരുടെ മുടി വളർന്നു. ഫുൾ ബിയർ, അറേബ്യൻ, മഡഗാസ്ക്കർ, ഫ്രഞ്ച്, ഷാർപ്പ് ബിയേർഡ്, ഫുൾ ബിയേർഡ് താടിക്കാർക്കും പണിയായി.
താടി ആഗ്രഹത്തിനനുസരിച്ച് ഒപ്പിക്കാനാവാതെ സ്റ്റൈലൻമാരും വിഷമത്തിലായി. ബാർബർ ഷോപ്പുകളും ജെന്റ്സ് ബ്യൂട്ടി പാർലറുകളും അടച്ചതിന്റെ ദുരിതം മാറ്റാൻ അവരിപ്പോൾ ക്ലീൻ ഷേവ് ചലഞ്ചും, മൊട്ട ചലഞ്ചുമൊക്കെയായി അഴിഞ്ഞാടുകയാണ്.
കോളേജ് കുമാരന്മാരുടെ ചലഞ്ചിൽ ഗ്രൂപ്പിലെ നല്ല ഫോട്ടോയ്ക്ക് സമ്മാനവുമുണ്ട്.
ട്രിമ്മർവച്ച് മൊട്ടയാകാനും, ക്ളീൻ ഷേവിലാകാനും ഇവർ തയ്യാർ.ലോക്ക് ഡൗണിന്റെ ഭാഗമായി 3000 ത്തിലധികം വരുന്ന ബാർബർ ഷോപ്പുകളാണ് ജില്ലയിൽ അടച്ചത്.
ഷോപ്പുകൾ എപ്പോൾ തുറക്കുമെന്ന് ചോദിച്ച് നിരവധി വിളികളാണ് വരുന്നതെന്ന് കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷൻ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ബാബു പറഞ്ഞു. കുട്ടികളും ചെറുപ്പക്കാരുമാണ് ഏറെ വിളിക്കുന്നത്. പതിനഞ്ചു ദിവസത്തിലൊരിക്കൽ മുടി മുറിക്കുന്ന പ്രായമായവരും ഏറെയാണ്. വീട്ടിൽ വന്നാൽ മുടി കട്ട് ചെയ്യുമോ എന്ന ചോദ്യവുമുണ്ട്.
ജില്ലയിൽ അസോസിയേഷനിൽ അംഗങ്ങളായവരുടെ 2000 ത്തിലധികം കടകളുണ്ട്. വേനൽക്കാലമായതിനാൽ കുട്ടികളുടെ മുടിവെട്ടുന്ന തിരക്കിലാണ് വീടുകൾ. അച്ഛനും അമ്മയും കത്രികയും ചീർപ്പും ഉപയോഗിച്ച് പെൺകുട്ടികളുടെ മുടി ഒപ്പിക്കുന്നു. ട്രിമ്മർ ഉപയോഗിച്ച് മൊട്ടയാക്കാൻ എളുപ്പമായതിനാൽ ആൺകുട്ടികൾ മൊട്ടയാകുന്നു. പുറത്തിറങ്ങേണ്ടാത്തതിനാൽ അവർക്കും സമ്മതം. ക്ലീൻ ഷേവുകാർക്കും അറിയാവുന്ന വിദ്യകൾ വച്ച് പണി നടക്കുകയാണ്.