കോലഞ്ചേരി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അലങ്കാര മീനും പക്ഷികളും മറ്റു മൃഗങ്ങളും പട്ടിണിയിൽ. വിദേശത്തു നിന്നുള്ള തീറ്റ ഇറക്കുമതി നിന്നതോടെയും ഒപ്പം ചൂടും കടുത്തതോടെ യും വില്പനക്കാരും പ്രതിസന്ധിയിലായി. കർണ്ണാടക, മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവയ്ക്കുള്ള തീറ്റ എത്തുന്നത്. മിക്ക കടയുടമകളും ചെറുകിട സ്വയംതൊഴിൽ വായ്പകളും മറ്റ് ബാങ്ക് വായ്പകളും ഉപയോഗിച്ചാണ് സംരംഭം നടത്തിക്കൊണ്ടുപോകുന്നത്. സ്വന്തം കട അല്ലാത്തവർക്ക് വാടകയിനത്തിൽത്തന്നെ വലിയൊരു തുക ഓരോ മാസവും വേണം.കടകളിൽനിന്നും ഫാമുകളിൽനിന്നും അലങ്കാരമീനുകൾ വാങ്ങിക്കൊണ്ടുപോയവർക്കും തീറ്റയുടെ ലഭ്യതക്കുറവ് പ്രശ്‌നമാകുന്നുണ്ട്.
#നേരിടുന്നത് വൻ നഷ്ടം
ലോക്ക് ഡൗൺ കഴിയുമ്പോഴേയ്ക്കും അലങ്കാര മത്സ്യങ്ങളുടെ ചെറുകിട വില്പന ശാലകൾ എല്ലാം തന്നെ പുതിയ സ്റ്റോക്കെടുക്കാതെ തുറക്കാൻ കഴിയില്ല. മിക്കവാറും മീനുകളെല്ലാം ചത്തു . 10000 - 20000 രൂപയുടെ വരെ സ്റ്റോക്കാണ് ഓരോ കടകളിലുമുള്ളത്. ഒരു നേരമെത്തി വെള്ളം മാറി തീറ്റയും നൽകിയാണ് പിടിച്ചു നിൽക്കാൻ കടയുടമകൾ ശ്രമം നടത്തുന്നത്.
#വില്ലനായി ചൂടും
എന്നാൽ വെള്ളത്തിൻ്റെ ചൂടു മാറ്റം, പി.എച്ച് വ്യത്യാസങ്ങൾ, കൂടാതെ മീനിൻ്റെ ഓരോ ചലനങ്ങൾക്കനുസരിച്ചാണ് രോഗം കണ്ടെത്തുകയും , മരുന്ന് നൽകുകയും ചെയ്യുന്നത് . പൂർണമായും അടച്ചതോടെ അതിനു കഴിയുന്നില്ല. ഇതാണ് മീനുകൾ കൂട്ടമായി ചത്തു പോകാൻ കാരണം.
#നാടൻ തീറ്റകൾ ഫലപ്രദമല്ല
ലോക്ക് ഡൗൺ വന്നതിനു ശേഷം തീറ്റ വണ്ടി എത്തിയിട്ടില്ല. ഉള്ള സ്റ്റോക്ക് കഴിയാറായി ഇനിയും വൈകിയാൽ എന്തു ചെയ്യുമെന്നറിയില്ല. പക്ഷികൾ പലതും വിദേശിയായതിനാൽ മറ്റു നാടൻ തീറ്റകളൊന്നും കൊടുക്കാനും കഴിയില്ല.
ആദിൽ റഹ്മാൻ ,കാക്കനാട് ആൽഫ പെറ്റ് കോർണർ ഉടമ
#മീൻ സംരക്ഷണം ബാദ്ധ്യതയാകുന്നു
അലങ്കാര മത്സ്യ കൃഷി നടത്തുന്നവർക്കും ഏറെ ദുരിതമായി .പ്രതി ദിനം 40 കിലോ ഫിഷ് ഫീഡാണ് വേണ്ടത്. വില്പന നടക്കാതയതോടെ സംരക്ഷണം ബാദ്ധ്യതയാവുകയാണ്.
ടി.ജി മനോജ്, കീഴില്ലം അറ്റ്ലാൻ്റ് ഫിഷ് ഫാം ഉടമ