കോലഞ്ചേരി: ജില്ലയിലെ വിപണികളിൽ പഴകിയ മത്സ്യം മാത്രം. മത്സ്യബന്ധനം പൂർണമായി നിലച്ച സാഹചര്യത്തിലും അയല, മത്തി, ചെമ്മീൻ തുടങ്ങിയ ചെറു മീനുകളും, കേര, ചൂര, വറ്റ,ഓലക്കൊടിയൻ എന്നിങ്ങനെ വലിയ മീനുകളും വൻ തോതിലാണ് എത്തുന്നത്. ശീതീകരിച്ച മുറികളിൽ സൂക്ഷിച്ച ആഴ്ചകൾ പഴക്കമുളള മത്സ്യമാണ് തീ വിലയ്ക്ക് വിൽക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ സൂക്ഷിച്ചിരുന്ന മത്സ്യം സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തു തന്നെ വിൽക്കുകയാണ്.
ചെറു മീനുകൾ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെ വിലയ്ക്കാണ് ചില്ലറ വ്യാപാരികൾക്ക് ലഭിക്കുന്നത്. ചില്ലറ വ്യാപാരികൾ 250, 300 രൂപ ഈടാക്കും. വലിയ മീനുകൾക്ക് 280 മുതൽ 600 വരെയാണ് വില.
ആഴ്ചകൾ പഴക്കമുള്ള മത്സ്യം ഐസിലിട്ട് ചില്ലറ വ്യാപാരികളും രണ്ടും മൂന്നും ദിവസം സൂക്ഷിച്ചു വച്ചാണ് വിൽപന നടത്തുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിൽ നിന്നും മത്സ്യം വൻതോതിൽ വിൽപനയ്ക്കായെത്തി. വിദേശത്തേയ്ക്കയക്കാൻ കഴിയാതെ വന്നതോടെ ക്ളീൻ ചെയ്ത് സൂക്ഷിച്ച മീനുകളാണ് ഇവയിലേറെയും.