lock-down-

കൊച്ചി : പൊലീസ് സന്നദ്ധപ്രവർത്തനങ്ങളുമായി തിരക്കിലല്ലേ. എന്നാൽ, ഒന്ന് പുറത്തേക്ക് ഇറങ്ങിയേക്കാം. പിടിവീണാൽ, കടയിൽ പോകുകയാണെന്ന് പറയാം. ഇങ്ങനെ, ചിന്ന കാര്യങ്ങളുണ്ടാക്കി ലോക്ക് ഡൗണിൽ പുറത്തിറങ്ങുന്നവർ നിരവധിയാണ്. ഇവരോടാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പൊലീസായിരിക്കില്ല ഇന്നുമതൽ. ചിരിച്ചുള്ള ഉപദേശങ്ങളൊന്നും ഉണ്ടാകില്ല. വണ്ടി കസ്റ്റഡിയിലെടുക്കും കേസുമാക്കും. പൊലീസ് നടപടി കൂടുതൽ കടുപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നടപടികൾ ശക്തമാക്കിയതോടെ, സംസ്ഥാനത്താകെ നിരത്തുകളിൽ വാഹനങ്ങളും ആളുകളും കുറവായിരുന്നു. കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇതോടെ, പൊലീസ് പരിശോധന മയപ്പെടുത്തുകയായിരുന്നു. എന്നാൽ, കൂടുതൽ പേർ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതോടെയാണ് ഇപ്പോൾ പൊലീസ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. കൊച്ചിയിൽ കർശന പരിശോധന രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. സത്യവാങ്മൂലം വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തി മാത്രമേ കടത്തി വിടുന്നുള്ളൂ. കൊച്ചി നഗരത്തിൽ മാത്രമല്ല. ജില്ലയുടെ മുക്കും മൂലയും പൊലീസ് നിരീക്ഷണ വലയത്തിലാണ്.

അനാവശ്യമായി പുറത്തിറങ്ങി ലോക്ക് ഡൗൺ ലംഘിക്കുന്നവരുടെ എണ്ണം കൊച്ചി സിറ്റി , റൂറൽ പൊലീസിനെ ഇന്നലെ ഞെട്ടിച്ചു. രണ്ടിടത്തും കേസുകൾ വർദ്ധിച്ചു. 151 കേസുകളിലായി 138 പേരെയാണ് അറസ്റ്റ് ചെയ്തത്. 78 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിങ്കളാഴ്ച 63 കേസുകളിലായി 60 പേരായിരുന്നു അറസ്റ്റിലായിരുന്നത്. എറണാകുളം റൂറലിലാണ് കേസുകൾ കൂടുതൽ. ഇവിടെ 87 കേസുകളിലായി 68 പേർ അറസ്റ്റിലാകുകയും 41 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി സിറ്റിയിൽ 64 കേസുകൾ രജിസ്റ്റർ ചെയ്യുകയും 70 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 37 വാഹനങ്ങൾ പിടിച്ചെടുത്തു. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും അത് ഗൗരവത്തിലെടുക്കാത്ത നിലയാണുള്ളതെന്ന് പൊലിസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു.