കൊച്ചി: കുറിപ്പടി പ്രകാരം മദ്യം നൽകാമെന്ന സർക്കാർ തീരുമാനത്തിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ ഡോക്ടർമാർ കരിദിനം ആചരിക്കുന്നു. പ്രതിഷേധ സൂചകമായി എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് ഡ്യൂട്ടിക്കെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ 490 ഡോക്ടർമാർ കരിദിനാചരണത്തിൽ പങ്കെടുക്കുന്നുണ്ട്.
എന്നാൽ കൊറോണ പശ്ചാത്തലത്തിൽ ആശുപത്രിയിലെ പ്രവർത്തനങ്ങളെ ഒന്നും ഡോക്ടർമാരുടെ പ്രതിഷേധം ബാധിച്ചിട്ടില്ല.സർക്കാർ ഉത്തരവിലൂടെ മദ്യലഭ്യതയ്ക്കുള്ള ഉപകരണമായി കെ.ജി.എം.ഒയെ മാറ്റരുതെന്നാണ് സംഘടനയുടെ ആവശ്യം. കുറിപ്പടി പ്രകാരം മദ്യം നൽകാമെന്ന സർക്കാർ തീരുമാനം പിൻവലിക്കണം. സർക്കാരിന്റെ തെറ്റായ നിലപാടിനെ ബോധ്യപ്പെടുത്തുക മാത്രമാണ് കരിദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.