ആലപ്പുഴ: ചുറ്റും വെള്ളം, പക്ഷേ കുടിവെള്ളം കിട്ടാക്കനി. വേനൽകാലത്തെ കുട്ടനാടിന്റെ കുടിവെള്ള ക്ഷാമം മാർച്ചോടെ തുടങ്ങിയതാണ്. എന്നാൽ, മുമ്പത്തെ പോലെയല്ല ഇപ്പോഴത്തെ അവസ്ഥ. സമസ്ത മേഖലയിലും ലോക്ക് ഡൗൺ ബാധിച്ചതോടെ കുട്ടനാട്ടുകാരുടെ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
വടക്കൻ മേഖലയായ നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലെ സ്ഥിതിയാണ് ഏറെ ദയനീയം. പുളിങ്കുന്നിൽ വേണാട്ടുകാട്, കായൽപ്പുറം, മങ്കൊമ്പ് എന്നിവടങ്ങളിലും കുടിവെള്ള ക്ഷാമം നേരിടുന്നു. നേരത്തെ, കിഴക്കൻ പ്രദേശങ്ങളിൽനിന്ന് സ്വകാര്യ വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചിരന്നു. ലോക്ക് ഡൗണിൽ ഈ വരവും നിലച്ചു.
മുൻകാലങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലം ലഭ്യമായിരുന്ന പ്രദേശങ്ങളിൽ പോലും ഇപ്പോൾ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ആറിന് കുറുകെ ഇട്ടിരിക്കുന്ന പൈപ്പുലൈനുകൾ തകരാറിലായതാണ് കാരണം. ചിലയിടങ്ങളിൽ വെള്ളം സാമൂഹിക പ്രവർത്തകർ എത്തിക്കുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലുള്ളവർക്ക് പ്രധാന റോഡിലേയ്ക്ക് എത്താൻ സാധിക്കാത്തതിനാൽ ഇതും ലഭിക്കുന്നില്ല. വള്ളങ്ങളിൽ ടാങ്കുകളിൽ കൊണ്ടുവരുന്ന വെള്ളമാണ് ഇനിയുള്ള ഏക പ്രതീക്ഷ. മുൻ കാലങ്ങളിൽ വേനൽ ആരംഭിക്കുന്നതോടെ അടിയന്തര പരിഹാരമെന്ന നിലയിൽ അധികൃതർ വള്ളങ്ങളിലും റോഡുമാർഗവും ശുദ്ധജലം എത്തിച്ചിരുന്നു. കഴിഞ്ഞവർഷം മുതൽ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന കേന്ദ്രങ്ങളിൽ ജലബൂത്തുകൾ സ്ഥാപിച്ച് അതിലൂടെ ശുദ്ധജല വിതരണം നടത്തുകയാണ് ചെയ്യുന്നത്.എന്നാൽ ഇപ്പോൾ ഇത് സാദ്ധ്യമാകുന്നില്ല.
കുട്ടനാട്ടിൽ 150ഓളം കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയാകെ ഇപ്പോൾ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ലോറികളിൽ വെള്ളമെത്തിച്ച് പ്രദേശത്തെ കിയോസ്‌കുകളിലാണ് നിറയ്ക്കുന്നത്. എന്നാൽ, പ്രധാന വഴിയിൽനിന്ന് ഏറെ ഉള്ളിലേക്ക് മാറി താമസിക്കുന്നവർ രണ്ടും, മൂന്നും കിലോമീറ്റർ നടന്ന് എത്തുമ്പോഴേക്കും വെള്ളംകിട്ടാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്. ചിലർ ഇരുചക്രവാഹനങ്ങളിൽ എ.സി. റോഡിലും സമീപത്തുമുള്ള ആർ.ഒ. പ്ലാന്റുകളിൽനിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. 50 പൈസാമുതൽ ഒരുരൂപ വരെയാണ് ആർ.ഒ. പ്ലാന്റുകളിൽ ഒരുലിറ്റർ വെള്ളത്തിന് നൽക്കേണ്ടത്. 20 ലിറ്ററിന്റെ ജാറുകളിൽ വണ്ടികളിൽ വീടുകളിലെത്തുന്ന വെള്ളത്തിന് 40മുതൽ 50രൂപാവരെയാണ് വാങ്ങുന്നത്.
ലോക്ക് ഡൗൺ സാഹചര്യത്തിൽ കുടിവെള്ളവുമായി എത്തിയിരുന്ന സ്വകാര്യ ഏജൻസികളും സർവീസ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്.ആകെയുള്ള 12 പഞ്ചായത്തുകളിലും പൂർണമായും കുടിവെള്ളവിതരണ പൈപ്പുകളില്ലാത്ത കുട്ടനാട്ടിൽ ഇന്നും വെള്ളം വിലയ്ക്കുവാങ്ങുകയാണ്. റവന്യൂ വകുപ്പിന് പകരം ഇത്തവണ പഞ്ചായത്തുകൾക്കാണ് കുടിവെള്ള വിതരണത്തിന്റെ ചുമതല നൽക്കിയിരിക്കുന്നത്.നിലവിൽ കുടിവെള്ളവിതരണം ആരംഭിച്ചതായി അധികൃതർ പറയുമ്പോഴും ഉൾപ്രദേശങ്ങളിലും പുറംബണ്ടുകളിലും കായൽ മേഖലകളിലും താമസിക്കുന്നവർക്ക് വെള്ളംകിട്ടുന്നില്ല.