കൊച്ചി: മൊബൈൽ റീചാർജ് കടകൾ, കൊറിയർ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയ്ക്കും നിബന്ധനകളോടെ പ്രവർത്തിക്കാൻ ജില്ലാ അധികൃതർ അനുമതി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരമാണ് അവശ്യ സർവീസിൽ ഉൾപ്പെടുത്തി അനുമതി നൽകിയത്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനെന്ന നിലയിൽ ജില്ലാ കളക്ടർ എസ്. സുഹാസാണ് ഇളവുകൾ അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയത്.

# കൊറിയർ, പാഴ്സൽ സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. രാത്രി എട്ടുവരെ വിതരണം നടത്താം.

# ഒരു തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ രണ്ടു റീചാർജ് കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. റീചാർജ് മാത്രം നൽകുന്ന സ്ഥാപനങ്ങൾക്കാണ് അനുമതി. മറ്റു സേവനങ്ങൾ അനുവദിക്കില്ല. തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് അനുമതി വാങ്ങി വേണം തുറക്കാൻ.

# ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ തുടങ്ങിയവയിൽ ഭക്ഷണം തയ്യാറാക്കാനും വില്പനയ്ക്കും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ തുറക്കാം. പാഴ്സൽ നൽകാൻ മാത്രമാണ് അനുമതി. രാത്രി എട്ടുവരെ വില്പന നടത്താം. ഇരുത്തി ഭക്ഷണം വിളമ്പാൻ പാടില്ല.

# ആവശ്യസേവനങ്ങളായി സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയ ചെറുകിട യൂണിറ്റുകൾക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് പ്രവർത്തനാനുമതി നൽകാം. ഓരോ അപേക്ഷയും പരിശോധിച്ചു തീരുമാനമെടുക്കണം. കൊറോണ പ്രതിരോധിക്കാൻ സർക്കാർ നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ചുരുക്കം ജീവനക്കക്കാരെയും തൊഴിലാളികളെയും മാത്രം ഉപയോഗിച്ച് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.