കോലഞ്ചേരി:ഭായിമാർക്ക് കുശാലായി, മൂന്നു നേരം സൗജന്യ ഭക്ഷണം, ബോറടിക്കുമ്പോൾ കാണാൻ ടി.വി,പരാതികൾ പറയാൻ കോൾ സെൻ്റർ, പരാതി ലഭിച്ചാൽ ഭക്ഷണവുമായി പാഞ്ഞെത്തുന്ന പൊലീസ്, ഇവരുടെ കാര്യങ്ങൾ നോക്കി കോ ഓർഡിനേറ്റ് ചെയ്യാൻ എ.ഡി.ജി.പി. കൊവിഡ്-19 നിയന്ത്രണം തീർന്ന് ഇനി ഒരു സർക്കാർ ഉത്തരവ് ഉണ്ടാകും വരെ വാടകയിൽ ഇളവ്, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ,കൊവിഡ്ക്കാലത്ത് രക്ഷപ്പെട്ടത് ഇവരാണ്. മൂന്നു നേരം മൂക്കു മുട്ടെ തിന്ന് വീട്ടിലിരിക്കാം. കഴിഞ്ഞ ദിവസം വാഴക്കുളം മേഖലയിൽ നിന്നും ദിശ യിലേയ്ക്കാണ് ഇവർ ഭക്ഷണത്തിനായി വിളിച്ചത്. ദിശ പ്രവർത്തകർ അറിയിച്ചതനുസരിച്ച് പഞ്ചായത്തംഗങ്ങൾ ചെല്ലുമ്പോൾ എല്ലാവരുടെയും റൂമിൽ ആവശ്യത്തിന് അരിയും സാധനങ്ങളുമുണ്ട്. പൊതു പ്രവർത്തകർ വീഡിയോയെടുത്ത് നവ മാദ്ധ്യമങ്ങളിൽ ഇട്ടതോടെയാണ് ഇവരുടെ കള്ളക്കളികൾ പുറത്ത് വന്നത്. കൊവിഡ്-19കഴിഞ്ഞാലും ജീവിക്കണമല്ലോ എന്നാണ് എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് ഭായിമാർ നൽകിയ മറുപടി.

#ഭായിമാരും മലയാളിയുടെ സ്വഭാവം കാണിച്ചു തുടങ്ങി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാരിവലിച്ച് സാധനങ്ങൾ വാങ്ങികൂട്ടിയ മലയാളിപ്പോലെ തന്നെ ആവശ്യമുള്ള ഭക്ഷണ സാമഗ്രികൾ കൈയിലുണ്ടായിട്ട് പോലും വെറുതെ കിട്ടുന്ന സാധനങ്ങൾ സ്റ്റോക്ക് ചെയ്താൻ ഭായിമാരും തുടങ്ങി.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസ് ഭക്ഷണം ഫ്രീയായി നൽകുമെന്ന് ഫോണിൽ മെസേജ് വന്നെന്ന് പറഞ്ഞ് പത്ത് ഭായിമാർ വന്നു. പൊലീസ് ഇവർ താമസിക്കുന്ന സ്ഥലത്തു ചെന്ന് അന്വേഷിച്ചപ്പോൾ എല്ലാവരുടേയും റൂമിൽ ഭക്ഷണ സാമഗ്രികൾ ഉണ്ട്. ഭക്ഷണം ഇല്ലാതെ വന്നാൽ കെട്ടിട ഉടമയോ, ഇവരെ ജോലിക്കു നിർത്തിയ കരാറുകാരോ ഭക്ഷണം കൊടുക്കാൻ നിർദ്ദേശിച്ച് പൊലീസ് മടങ്ങി. പ്രതിദിനം 1000 രൂപയിൽ താഴെ കൂലിയ്ക്ക് പണിയെടുക്കാത്ത ഒറ്റ ഭായിമാർ പോലുമില്ല. കൊവിഡ്-19 നിയന്ത്രണം വരുന്നതിന് തൊട്ടു മുമ്പുള്ള ദിവസം വരെ ഇവർ പണിയെടുത്തതുമാണ്. അന്നു വരെ പണിയെടുത്ത പണം കൈയിൽ വച്ചാണ് ഭക്ഷണം ഫ്രീ ആയി ലഭിക്കുമെന്നായപ്പോൾ ഇവർ അലഞ്ഞു നടക്കുന്നത്.

# ഭക്ഷണം നൽകേണ്ടത് ഉടമസ്ഥർ

ഭായിമാരിൽ യഥാർത്ഥ പട്ടിണിക്കാരുണ്ട് .അവരെ തിരിച്ചറിയുകയാണ് ബുദ്ധിമുട്ട്. ഇവർ താമസിക്കുന്ന കെട്ടിട ഉടമകളോ, കരാറുകാരോ ഭക്ഷണം നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമമനുസരിച്ച് നടപടി എടുക്കാനാണ് കളക്ടർ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.