കൊച്ചി: എറണാകുളം ജില്ലയിൽ ലോക്ക് ഡൗണിൽ നിന്ന് ചില മേഖലകൾക്ക് ഇളവ് വരുത്തി ജില്ലാ ഭരണകൂടം. കൊറിയർ സർവീസ്, മൊബൈൽ റീചാർജിംഗ് ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനത്തിനാണ് ഇളവ് നൽകിയത്. ഇത്തരം സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കാം. അതേസമയം മൊബൈൽ റീചാർജ് ഷോപ്പുകൾ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ രണ്ടെണ്ണം മാത്രം പ്രവർത്തിക്കാനാണ് അനുമതി.
റീചാർജ് സേവനത്തിന് പുറമേ മറ്റു സേവനങ്ങൾ അനുവദിക്കുന്നതല്ല. മാത്രമല്ല മൊബൈൽ റീചാർജിംഗ് സേവനം മാത്രം നൽകുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇപ്രകാരം തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. കൊറിയർ, പാഴ്‌സൽ സർവീസുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചു വരെയാണെങ്കിലും വിതരണ സമയം രാത്രി എട്ട് വരെയായിരിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുടെ പാഴ്‌സൽ വിതരണ സമയവും രാത്രി എട്ട് വരെയായി ക്രമീകരിച്ചിട്ടുണ്ട്. ഹോട്ടലുകളുടെയും ബേക്കറികളുടെയും പാക്കേജിംഗ് മെറ്റീരിയൽസ് നിർമിക്കുന്ന യൂണിറ്റുകൾക്കും രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.
കൂടാതെ സംസ്ഥാന സർക്കാർ അവശ്യസേവനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുള്ള മറ്റു ചെറുകിട വ്യവസായ യൂണിറ്റുകൾ, നിർമാണ യൂണിറ്റുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി നൽകുന്ന കാര്യത്തിൽ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ തീരുമാനമെടുക്കുന്നതിന് കളക്ടർ നിർദേശിച്ചു. ഇതുപ്രകാരം പ്രവർത്തനാനുമതി നൽകുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പ്രത്യേകം മെറിറ്റ് അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തണം.
ഇതിന്റെ അടിസ്ഥാനത്തിൽ കൊറോണ തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങളും സുരക്ഷാ നിർദേശങ്ങളും ഓരോ സ്ഥാപനവും കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി ചുരുക്കം ജീവനക്കാരെയും തൊഴിലാളികളെയും ഉപയോഗിച്ച് സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന സമയപരിധിയിൽ പ്രവർത്തിക്കാൻ അനുമതി നൽകാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, രോഗവ്യാപനം തടയുന്നതിനുള്ള ക്രമീകരണങ്ങൾ സ്ഥാപനയുടമ കൃത്യമായി പാലിച്ചിരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.