കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് അങ്കണവാടികൾ അടച്ചിട്ടുവെങ്കിലും ജീവനക്കാർക്ക് വിശ്രമമില്ല. അങ്കണവാടി വിദ്യാർത്ഥികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്നു വയസ് വരെയുള്ള കുഞ്ഞുങ്ങൾ എന്നിവർക്ക് കഴിഞ്ഞ 31 വരെയുള്ള ഭക്ഷ്യവിഹിതം ലഭിച്ചുവെന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രദേശത്തുള്ള ഗർഭിണികളുടെ ആരോഗ്യകാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഫോൺകോളുകൾ . കൊവിഡ് 19 കുറിച്ച് ഭയാശങ്കകൾ ഉള്ളവർക്ക് കൗൺസിലിംഗ് , എന്നിങ്ങനെ ഓരോ ദൗത്യങ്ങളായി തിരക്കൊഴിഞ്ഞ നേരമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു.

# ഇന്നുമുതൽ വീണ്ടും

ഭക്ഷ്യധാന്യ വിതരണം

അങ്കണവാടികളിൽ നിന്ന് ഇന്നുമുതൽ ഈ മാസത്തേക്കുള്ള ഭക്ഷണപദാർത്ഥങ്ങളുടെ വിതരണം ആരംഭിക്കും. ലോക്ക് ഡൗൺ കണക്കിലെടുത്ത് അങ്കണവാടി വിദ്യാർത്ഥികൾക്ക് അടുത്ത 15 ദിവസത്തേക്കുള്ള അരി,ഗോതമ്പ് നുറുക്ക്,ചെറുപയർ, വെളിച്ചെണ്ണ., അവൽ, എള്ളുണ്ട, റാഗി എന്നീ സാധനങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കും.

# കൗമാരക്കാർക്ക് പോഷകാഹാരം

കൗമാരക്കാരായ പെൺകുട്ടികൾക്ക് ഒരു കിലോ ചെറുപയർ, ഒന്നര കിലോ ഗോതമ്പ് നുറുക്ക്, നൂറ്റമ്പത് ഗ്രാം വെളിച്ചെണ്ണ., അര കിലോ ശർക്കര എന്നിവയാണ് എല്ലാ മാസവും അങ്കണവാടികൾ വഴി നൽകുന്നത്.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകസമൃദ്ധമായ സഫല എന്ന പൊടി മൂന്നു കിലോ വീതം നൽകും. മൂന്നു വയസു വരെയുള്ള കുഞ്ഞുങ്ങളുള്ള വീടുകളിൽ മൂന്നു കിലോ അമൃത് പൊടി പായ്ക്കറ്റ് വിതരണം ചെയ്യും. ഇത് പാലിൽ ചേർത്തോ, കുറുക്ക്, അട, ദോശ എന്നിങ്ങനെ വത്യസ്ത വിഭവങ്ങളാക്കിയോ കഴിക്കാം. അങ്കണവാടികളുടെ സേവനം ലഭിക്കുന്നതിന് ബി.പി.എൽ ആകണമെന്ന് നിർബന്ധമില്ല. രജിസ്റ്റർ ചെയ്യുന്നവർ സൗജന്യ സേവനങ്ങൾക്ക് അർഹരാണ്.

# കൊവിഡ്-19 നെ ഭയന്ന്

ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നവർ അങ്കണവാടിയിലെ രജിസ്റ്ററിൽ പേര് എഴുതി ഒപ്പിടണമെന്ന നിബന്ധന ജീവനക്കാരെ വലയ്ക്കുന്നു. ഒരേ പേന ഉപയോഗിക്കുന്നത് ആപത്താണെന്ന് ബോദ്ധ്യമുണ്ട്, അതേസമയം വിതരണം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഒഴിവാക്കുന്നതിന് ഇതല്ലാതെ മറ്റ് മാർഗവുമില്ല. ഇടപ്പള്ളി 35 ാം ഡിവിഷൻ അങ്കണവാടി വർക്കറായ റെജീന പറഞ്ഞു.

പ്ളാസ്റ്റിക് നിരോധിച്ചതിനാൽ സാധനങ്ങൾ കൊടുത്തുവിടാൻ മാർഗമില്ലെന്നതാണ് മറ്റൊരു പ്രശ്നം. എത്ര പറഞ്ഞാലും വീട്ടിൽ നിന്നിറങ്ങുമ്പോൾ തുണിസഞ്ചിയെടുക്കാൻ ആളുകൾ മറക്കും. എത്താൻ കഴിയാത്തവർക്ക് വീടുകളിൽ സാധനങ്ങൾ എത്തിച്ചുനൽകണമെന്ന നിർദേശം ജീവനക്കാരെ ആശങ്കയിലാക്കുന്നു. ഗൃഹസന്ദർശനങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന മുന്നറിയിപ്പ് തങ്ങൾക്ക് ബാധകമല്ലേയെന്നാണ് ഇവരുടെ ചോദ്യം. എന്തായാലും മാസ്കും കൈയ്യുറയും സാനിറ്റൈസറുമായി നാളെ മുതൽ ജനസേവനത്തിന് ഇറങ്ങാൻ തന്നെയാണ് ഇവരുടെ തീരുമാനം.