കൊച്ചി : ആരോഗ്യ പ്രവർത്തകരെ പോലെ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ട് കേരള പൊലീസ്. ഇപ്പോഴിതാ, ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കൊറോണയെ തുരത്താൻ കട്ടയ്ക്ക് നിൽക്കാൻ തയ്യാറെടുക്കുകയാണ് പൊലീസ്. കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘമാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകുന്നത്.
രാവിലെ സംഘം പ്രസിഡന്റ് മനോജ് എബ്രാമിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിൽ തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി നഴ്‌സുമാരുടെ സംഘടന മാതൃക കാട്ടിയിരുന്നു. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ ആണ് സംഭാവന നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.