dharmajan

കഴിഞ്ഞ ദിവസം മകൾ വികൃതി കാട്ടിയപ്പോൾ ഒരടി വച്ചുതരുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവളുടെ ചോദ്യം: ലോക്ക് ഡൗണിൽ ഒരുമീറ്റർ അകലെ നിൽക്കണമെന്നല്ലേ, പിന്നെങ്ങനാ അച്ഛൻ എന്നെ അടിക്കുന്നത് ?

നടൻ ധർമ്മജൻ ബോൾഗാട്ടി ലോക്ക് ഡൗൺ വിശേഷങ്ങളുടെ കെട്ടഴിച്ചു.

കൊവിഡ്-19 കാലത്തും ചിരിക്ക് ഒരു കുറവും ഇല്ല. മറ്റു മനുഷ്യർക്ക് ചന്തി ഇരിക്കാനാണെന്നും എനിക്ക് അതിനല്ലെന്നുമാണ് പണ്ടേ എന്റെ വീട്ടുകാർ പറയുക. ഒരുസ്ഥലത്ത് അടങ്ങിയിരിക്കാത്ത ആളാണ് ഞാൻ. ആ എന്നെയാണ് കൊവിഡ് വീട്ടിലിരുത്തിയത്. അതെന്തായാലും നന്നായി. കുറേക്കാലത്തിന് ശേഷം മക്കളോടും ഭാര്യയോടുമൊപ്പം കഴിയാൻ ഒരുപാട് സമയം കിട്ടിയിരിക്കുന്നു. പക്ഷേ മക്കളെ പേടിപ്പിക്കാൻ പറ്റാതായി. തിരിച്ചു വിരട്ടുന്ന മറുപടി കിട്ടും.

എപ്പോഴും പുറത്ത് കറങ്ങിയടിച്ചും കൂട്ടുകാർക്കൊപ്പം തമാശ ആസ്വദിച്ചും നടക്കുന്ന കൂട്ടത്തിലാണ് ധർമ്മജൻ. കൊവിഡ് ആ ശീലത്തിന് താൽക്കാലികമായി തടയിട്ടു.

ആദ്യമായി നായകനായ മരട്-375 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്കുപറ്റി കുറച്ചുനാൾ ബോധമില്ലാതെ ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി അടുത്ത സിനിമയിലേക്ക് ചേർന്ന സമയത്താണ് കൊവിഡ്-19 കാരണം ഷൂട്ടിംഗ് നിറുത്തിവച്ചത്. വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോൾ ആദ്യം ചെയ്തത് കുടുംബസമേതം ആയുർവേദ ചികിത്സയാണ്. അത് പൂർത്തിയായപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. കലൂരിൽ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷയും നിർമ്മാതാവ് മഹാ സുബൈറുമെല്ലാം ചേർന്ന് ചെയ്യുന്ന സന്നദ്ധപ്രവർത്തനത്തിനായി ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്. ഉച്ചയ്ക്ക് വഴിയരികിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം നൽകാനാണ് പോകുന്നത്. അതുകഴിഞ്ഞ് വീട്ടിലെത്തും.

കൈവിട്ട വായനാശീലം വീണ്ടെടുക്കുകയാണ് ഞാനിപ്പോൾ. വീടിന്റെ മുകൾനിലയിൽ ലൈബ്രറിയുണ്ട്. പരിപാടിക്ക് വിളിക്കുമ്പോൾ മെമന്റോയ്ക്ക് പകരം പുസ്തകം സമ്മാനിക്കാനാണ് അടുപ്പമുള്ളവരോട് പറയാറുള്ളത്. കഴിഞ്ഞ പ്രളയത്തിൽ കുറേ പുസ്തകങ്ങൾ നശിച്ചിരുന്നു. ബാക്കിയുള്ളവ വായിച്ചു തീർക്കുകയാണ് ഇപ്പോൾ. എന്നാലും തിന്നുകുടിച്ച് വീട്ടിലിരിക്കുമ്പോൾ ശരീരം മറക്കരുത്. വീട്ടിലെ തുണിയൊക്കെ വിരിക്കാൻ ഉപയോഗിച്ച ട്രെഡ്മില്ലിൽ ഇപ്പോൾ മേലനങ്ങാൻ തുടങ്ങി.