ആലുവ: കൊവിഡ് - 19 വ്യാപനം തടയുന്നതിനായി ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. പൊതുസ്ഥലങ്ങൾ അണുനാശിനി തളിച്ച് ശുദ്ധീകരിക്കുന്ന 'ക്ലീൻ സിറ്റി ചലഞ്ച്' ഒരാഴ്ച്ച പിന്നിടുകയാണ്.
ആരോഗ്യവകുപ്പും നഗരസഭയുമായി സഹകരിച്ച് ബസ് സ്റ്റാൻറുകൾ, റെയിൽവെ സ്റ്റേഷൻ, മാർക്കറ്റ്, ജനറൽ ആശുപത്രി, ശിവരാത്രി മണപ്പുറം, ശിവക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ശുചീകരണം നടന്നു. നാല് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ശുചീകരണ പ്രവർത്തനമാണ് ഒരാഴ്ചയോളം നീണ്ടത്. ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, ലോക്കൽ പൊലീസ് സ്റ്റേഷൻ, ഡിവൈ.എസ്.പി ഓഫീസ്, സബ് ജയിൽ, സബ് ട്രഷറി, ട്രാഫിക് പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സേറ്റഷൻ, താലൂക്ക് ഓഫീസ്, മൃഗാശുപത്രി, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ശുചീകരണം എ.എസ്.പി എം.ജെ. സോജൻ ഉദ്ഘാടനം ചെയ്തു.
ബ്രേക്ക് ദി ചെയിന്റെ ഭാഗമായി നഗരത്തിൽ മൂന്നിടത്ത് കൈ കഴുകുന്നതിനുള്ള സൗകര്യം സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. സമിതി സെക്രട്ടറി സാബു പരിയാരത്ത്, അംഗങ്ങളായ ജോൺസൺ മുളവരിക്കൽ, മുഹമ്മദ് ആസിഫ്, മുസ്തഫ റഷീദ്, ബഷീർ പരിയാരത്ത്, വി.ടി. സതീശൻ, ഷഹബാസ്, യാസർ, ഷറഫുദീൻ, നടരാജൻ എന്നിവർ നേതൃത്വം നൽകി.
ഇന്ന് ക്ലീൻ സിറ്റി ചലഞ്ച് പദ്ധതി സമാപിക്കും. നാളെ മുതൽ സാനിറ്ററൈസർ, ഹാന്റ് വാഷ്, മാസ്ക് എന്നിവയുടെ വിതരണം ആരംഭിക്കും.