കൊച്ചി: പ്രസവത്തീയതി അടുത്താൽ പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാർ ആശുപത്രികളിൽ ആൾക്കൂട്ടമാകുന്നതാണ് പതിവ്. ലേബർ റൂമിന് മുന്നിൽ കുറഞ്ഞത് നാലുപേരുടെയെങ്കിലും കാത്തിരിപ്പ്. കുഞ്ഞ് ജനിച്ചാൽ ആശുപത്രിയിലുള്ള അറിയാവുന്നവർക്കും അല്ലാത്തവർക്കുമെല്ലാം മധുരവിതരണം. കുഞ്ഞിനെ കാണാൻ സമ്മാനങ്ങളുമായി ബന്ധുജനങ്ങളുടെ കൂട്ടായ വരവ്. പത്തുനാൾ മുമ്പ് ഇങ്ങനെയായിരുന്നു ഒരു മലയാളിപ്പെണ്ണിന്റെ പ്രസവകാലം.എന്നാൽ കോവിഡ്-19 വരുത്തിയ മാറ്റങ്ങളിൽ ഇതും മാറി. മെറ്റേണിറ്റി ആശുപത്രികളിലടക്കം കനത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ.
പ്രസവത്തിന് കുറിച്ച് നൽകിയ തീയതികളിൽ തന്നെ പ്രസവങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ട്. എന്നാൽ, ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും ആശുപത്രികൾ തന്നെ പൂട്ടിട്ടു.
ഗർഭകാലത്തും പ്രസവം കഴിഞ്ഞ ഉടനെയും സ്ത്രീയ്ക്കും കുഞ്ഞിനും പ്രതിരോധശേഷി കുറവായതിനാലാണ് നിർദ്ദേശം കടുപ്പിക്കുന്നത്. ഒരു ഗർഭിണിയുടെ കൂടെ രണ്ടുപേർക്ക് മാത്രമേ ഇപ്പോൾ ആശുപത്രികളിൽ നിൽക്കാൻ അനുവാദമുള്ളൂ. ബന്ധുജന സന്ദർശനങ്ങൾക്കും നിയന്ത്രണമുണ്ട്. വിസിറ്റിംഗ് സമയത്ത് ഗേറ്റ്പാസുള്ള ഒരാൾക്ക് മാത്രമാണ് പല ആശുപത്രികളിലും അനുമതി.
ഗർഭിണികൾക്കുള്ള സ്കാനിംഗ് ഉൾപ്പെടെയുള്ള ചെക്ക് അപ്പുകൾക്കും നിയന്ത്രണമുണ്ട്. ഡോക്ടർ നിർദ്ദേശിക്കുന്ന അത്യാവശ്യമുള്ള രോഗികൾക്ക് മാത്രമേ ഇത് ചെയ്യുന്നുള്ളൂ. ഡോക്ടറും രോഗിയുമായി നേരിട്ടുള്ള സന്ദർശനങ്ങളും പല ആശുപത്രികളും ഒഴിവാക്കിയിട്ടുണ്ട്.
കുട്ടികൾ കുറവ്
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അത്യാവശ്യമില്ലാത്ത രോഗങ്ങൾക്ക് ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന നിർദ്ദേശം രക്ഷിതാക്കൾ ശിരസാവഹിച്ച കാഴ്ചയാണ് ആശുപത്രികളിൽ. ചെറിയ ജലദോഷത്തിന് പോലും നെഞ്ചിടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിരുന്നവരൊക്കെ ആ ശീലം മാറ്റി. ലോക്ക് ഡൗണിന് തൊട്ടുമുമ്പ് കണ്ടിരുന്ന നീണ്ട വരി അപ്രത്യക്ഷമായി. കുട്ടികളെ ഡോക്ടറെ കാണിക്കാൻ എത്തുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നത്രയായെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. മിക്കവരും ടെലിമെഡിസിൻ സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്.