കൊച്ചി : കൊവിഡ് -19 വ്യാപന കാലത്ത് കൊച്ചിയെ വിശപ്പ് രഹിത പ്രഖ്യാപനത്തോടെ കൊച്ചി കോർപ്പറേഷൻ ആരംഭിച്ച അഞ്ചു സമൂഹ അടുക്കളകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. നോർത്ത് ടൗൺഹാളിലെ അടുക്കളയാണ് ആദ്യം പൂട്ടിയത്. ഇന്നലെ മട്ടാഞ്ചേരിയിലെ കേന്ദ്രത്തിന് താഴിട്ടു. സാമ്പത്തിക ബാദ്ധ്യത താങ്ങാൻ കഴിയാതെ മറ്റ് സമൂഹ അടുക്കളകളും വരും ദിവസങ്ങളിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് സൂചന. പട്ടിണി പാവങ്ങളുടെ ഒരു നേരത്തെ ഉൗണ.ിനുള്ള വഴി ഇതോടെ അടയും. .
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും തെരുവിൽ കഴിയുന്ന വൃദ്ധർക്കും മറ്റു നിരാലംബർക്കും ഭക്ഷണം എത്തിക്കാനായി ടൗൺഹാൾ, ഇടപ്പള്ളി കോർപ്പറേഷൻ ഓഫീസ്, വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിന് സമീപത്തെ കമ്മ്യൂണിറ്റി സെന്റർ,മട്ടാഞ്ചേരി ടൗൺഹാൾ, പള്ളൂരുത്തി കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ വെള്ളിയാഴ്ച കോർപ്പറേഷൻ സമൂഹ അടുക്കളകൾ തുറന്നത്.
# പ്രഖ്യാപനം വാഗ്ദാനത്തിൽ
ഒതുങ്ങി
അടുക്കളയുടെ നടത്തിപ്പിനായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ പതിനായിരം രൂപ മാത്രമാണ് കോർപ്പറേഷൻ ഓരോ അടുക്കളയ്ക്കും അനുവദിച്ചത്.കൗൺസിൽ അംഗീകാരമില്ലാതെ സൗജന്യ ഭക്ഷണത്തിന് പണം അനുവദിക്കാൻ കഴിയില്ലെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ നിലപാട് മൂലമാണ് ടൗൺഹാളിലെ അടുക്കള നിർത്തിയതെന്ന് കൗൺസിലർ ഒ.പി.സുനിൽ പറഞ്ഞു. 750 പേർക്കാണ് ഇവിടെ ഭക്ഷണം നൽകിയിരുന്നത്.
# പ്രതിഷേധത്തോടെ ടി.കെ.അഷ്‌റഫ്
ഫണ്ടിന്റെ കാര്യത്തിൽ ആശയകുഴപ്പം വന്നതിനാലാണ് മട്ടാഞ്ചേരി അടുക്കളയുടെ പ്രവർത്തനം ഇന്നലെ അവസാനിപ്പിച്ചതെന്ന് കൗൺസിലർ ടി.കെ.അഷ്റഫ് പറഞ്ഞു. 650 പേർക്കാണ് ഇവിടെ ഭക്ഷണം നൽകിയിരുന്നത്. വളരെ ബുദ്ധിമുട്ടിയാണ് നടത്തിപ്പിനാവശ്യമായ പണം സ്വരൂപിച്ചത്. മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകേണ്ട സമയത്ത് സാങ്കേതികത്വം പറഞ്ഞ് മേയർ ഈ കാരുണ്യ പ്രവൃത്തിയിൽ നിന്ന് പിൻമാറുന്നതിൽ പ്രതിഷേധമുണ്ടെന്ന് മുസ്ളീംലീഗ് കൗൺസിലർ കൂടിയായ അഷ്റഫ് പറഞ്ഞു.
# കുടുംബശ്രീകൾ വഴി നടത്തണമെന്ന്
മേയർ
കുടുംബശ്രീകൾ വഴി സമൂഹ അടുക്കളകൾ നടത്തണമെന്നാണ് സർക്കാർ നിർദേശം.പാചകം ചെയ്യുന്നതിനുള്ള സാധനങ്ങൾ കുടുംബശ്രീക്ക് മാത്രമേ സബ്സിഡി നിരക്കിൽ ലഭിക്കുകയുള്ളു.സ്പോൺസർ ഷിപ്പിലൂടെ നഗരസഭ അടുക്കളകൾ മുന്നോട്ടു കൊണ്ടു പോകുന്നത് പ്രായോഗികമല്ല. സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കുന്നതിനായി അടുക്കളകളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്പിക്കുകയാണെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.
അടുപ്പുകൂട്ടി സമരം നടത്തുമെന്ന്
പ്രതിപക്ഷം
സമൂഹ അടുക്കളയുടെ നടത്തിപ്പിനായി കുടുംബശ്രീക്കും ആവശ്യമായ ഫണ്ട് നൽകാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല. ജനങ്ങളെ പട്ടിണിക്കിടുന്ന നയത്തിൽ പ്രതിഷേധിച്ച് മേയറുടെയും സെക്രട്ടറിയുടെയും ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി പ്രതീകാത്മക സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണ.ി പറഞ്ഞു.
# ആശ്രയമായി കുടുംബശ്രീ
നിലവിൽ കുടുംബശ്രീയുടെ അഞ്ച് സമൂഹ അടുക്കളകളാണ് പ്രവർത്തിക്കുന്നത്. ഒരു പാഴ്സലിന് 20 രൂപയും വീടുകളിൽ എത്തിക്കുന്നതിന് 25 രൂപയുമാണ് കുടുംബശ്രീ ഈടാക്കുന്നത്