കൊച്ചി: കൊറോണ വ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ക്യാമ്പിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഹെൽത്ത് സ്‌ക്രീനിംഗിന് വിധേയമാക്കുന്നു. മൊബൈൽ ക്ലിനിക്ക് ക്യാമ്പുകളിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പാലക്കാട് ജില്ലയിലായിരുന്നു പദ്ധതി തുടക്കമിട്ടത്. ഇന്ന് എറണാകുളം പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളെ സ്ക്രീനിംഗിന് വിധേയമാക്കി. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ഓരോ കേന്ദ്രങ്ങളിലും പ്രവർത്തനം.
നാഷണൽ ഹെൽത്ത് മിഷനും സന്നദ്ധ സംഘടനയായ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ളുസീവ് ഡവലപ്പ്മെന്റും ചേർന്നാണ് മൊബൈൽ ക്ലിനിക്കിന്റെ പ്രവർത്തനം നടത്തുന്നത്. ഒരു ഡോക്ടർ , രണ്ട് നഴ്‌സുമാർ, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ക്ലിനിക്കിൽ ലഭിക്കും. നിലവിൽ പ്രാഥമിക സ്‌ക്രീനിംഗ് മാത്രമാണുള്ളത്. ഫ്ലാഷ് തെർമോ മീറ്റർ ഉപയോഗിച്ച് പനി പരിശോധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
എല്ലാവരെയും സ്‌ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്.
പാലക്കാട്ട് താഴത്തെ ബംഗാൾ കോളനിയിൽ നടത്തിയ പരിശോധനയിൽ എട്ടു പേർക്ക് പനിയുടെ ലക്ഷണം കണ്ടെത്തിയെങ്കിലും കൊറോണയുമായി ബന്ധമുള്ളതല്ലെന്ന് കൂടുതൽ പരിശോധനയിൽ വ്യക്തമായി. പനിയുടെ ലക്ഷണങ്ങൾ ഉള്ളവരെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ സ്‌ക്രീനിംഗിന് വിധേയമാക്കും.