ആലുവ: ലോക്ക് ഡൗണിന്റെ ഭാഗമായി പലിശരഹിത വായ്പയുമായി ബാങ്ക് അധികാരികൾ സഹകാരികളുടെ വീട്ടുമുറ്റത്തെത്തും. മുപ്പത്തടം സഹകരണ ബാങ്കാണ് പദ്ധതി നടപ്പാക്കുന്നത്. വായ്പ ആവശ്യമുള്ളവർ ബാങ്കിൽ ഫോണിൽ അറിയിച്ചാൽ ബോർഡ് മെമ്പറും ബാങ്ക് ജീവനക്കാരനും വീട്ടിലെത്തും. ഉടൻ പണവും നൽകും. 5000 രൂപയാണ് വായ്പ അനുവദിക്കുക. 13 മാസം കൊണ്ടാണ് വായ്പ പണം തിരിച്ചടക്കേണ്ടത്. വായ്പയെടുത്താൽ ആദ്യ മൂന്നുമാസം പണം അടക്കേണ്ടതില്ല. പിന്നീട് പത്തുമാസം 500 രൂപ വീതം അടക്കണം. ഏപ്രിൽ അഞ്ച് മുതൽ 15 വരെയാണ് പലിശരഹിത വായ്പ വീടുകളിൽ എത്തിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് വി.എം. ശശി, സെക്രട്ടറി പി.എച്ച്. സാബു എന്നിവർ അറിയിച്ചു.
# തായിക്കാട്ടുകര സഹകരണ ബാങ്കിൽ
തായിക്കാട്ടുകര സഹകരണ ബാങ്കും പലിശരഹിത വായ്പാപദ്ധതി ആരംഭിച്ചതായി പ്രസിഡന്റ് കെ.വി. സുലൈമാൻ അറിയിച്ചു. ഒരു കുടുംബത്തിലെ ഒരാൾക്കാണ് വായ്പ അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ബന്ധപ്പെടണം.