കൊച്ചി : രോഗികളെ ചികിത്സിക്കാൻ കൊണ്ടുപോകുന്നതിനും അവശ്യ സാധനങ്ങൾ കൊണ്ടുവരാനും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കേരള - കർണാടക അതിർത്തിയിലെ തടസങ്ങൾ എത്രയും വേഗം നീക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേരള - കർണാടക അതിർത്തി അടച്ചതിനെതിരെ ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് നിർദേശം.
മനുഷ്യജീവൻ ആപത്തിലകപ്പെട്ട സാഹചര്യത്തിൽ കേന്ദ്രം അതിവേഗം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഡിയോ കോൺഫറൻസിംഗ് മുഖേന ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേന്ദ്ര സർക്കാരുൾപ്പെടെയുള്ള കക്ഷികളോട് മറുപടി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച ഹൈക്കോടതി, ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
കൊവിഡ് 19 ഭീഷണിയെത്തുടർന്നാണ് അതിർത്തിയടച്ചതെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ. നാവദ്ഗി അറിയിച്ചു. ചികിത്സ നിഷേധിക്കുന്ന തരത്തിൽ അതിർത്തി അടച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ഹൈക്കോടതി വാക്കാൽ അറിയിച്ചു. കാസർകോട് ജില്ലയിൽ കൊവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ ഇവിടെനിന്നുള്ള രോഗികൾക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് കർണാടക എ.ജി പറഞ്ഞു. കൊവിഡ് രോഗബാധയുള്ളവരാണോ ഇവരെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നായിരുന്നു നാവദ്ഗിയുടെ വിശദീകരണം. മംഗലാപുരം മേഖലയിൽ സ്ഥിതി ഗുരുതരമാണെന്നും കർണാടക സർക്കാരിന് നിർദ്ദേശം നൽകാൻ കേരള ഹൈക്കോടതിക്ക് നിയമപരമായ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയപാതയിലൂടെയുള്ള ഗതാഗതം തടയാൻ കർണാടക സർക്കാരിന് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. സമവായത്തിലൂടെ പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടതെന്നും ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കാമെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. ഇതിനായി ഒരു ദിവസംകൂടി നൽകാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹർജി വൈകിട്ട് അഞ്ചരയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്നും ഇതിനുമുമ്പ് പ്രതിസന്ധി പരിഹരിക്കാൻ യോഗം വിളിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻകൈയെടുത്ത് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. രോഗികളെ കടത്തിവിടണമെന്ന് കേരള ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കർണാടക. രോഗികളെ കടത്തിവിടാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തുടർന്ന് ചർച്ച തീരുമാനമാകാതെ പോയത് കക്ഷികൾ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. വൈകിട്ട് ആറരയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവു നൽകിയത്.