ആലുവ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സ്പെഷ്യൽ കൺട്രോൾ റൂമിലേക്ക് 16 ദിവസത്തിനിടെ എത്തിയത് 800 കോളുകൾ. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ താത്പര്യപ്രകാരം മാർച്ച് 16മുതൽ 24 മണിക്കൂറം പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരുന്നു. ഇതിനായി അഞ്ച് പുതിയ ഫോൺ കണക്ഷനുകളും എടുത്തു. വാട്ട്സ് ആപ്പ് സംവിധാനവും ഒരുക്കി.

ഹോംകെയറിൽ കഴിയുന്നവരെയും അത് ലംഘിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങൾ നാട്ടുകാർ പൊലീസിന് കൈമാറുന്നുണ്ട്. ഇത്തരം വിവരങ്ങൾ അപ്പോൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് കൈമാറും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ 23 മുതൽ കൺട്രോൾ റൂം വിപുലീകരിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുടെ ഫോൺ സ്വീകരിക്കാൻ ഹിന്ദി അറിയുന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഭക്ഷണവുമയി ബന്ധപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ പരാതികൾ ജില്ലാ പൊലിസ് മേധാവി നേരിട്ട് പരിഹരിക്കും. കൂടാതെ ലേബർ ഓഫീസിൽ അറിയിച്ചും നടപടികൾ എടുപ്പിക്കും.

യാതാപാസ് കിട്ടുന്നതിനു വേണ്ടിയുള്ളവരുടെ ഫോൺ കോളുകൾക്കും കുറവില്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് കോൾ സെന്ററിൽ നിന്നു നൽകുന്ന ഉപദേശം. അത്യാവശ്യമെങ്കിൽ നടപടിക്രമങ്ങൾ കൈമാറും. മറ്റു ജില്ലകളിൽ നിന്നും സംശയങ്ങൾ ചോദിച്ച് വിളികൾ വരുന്നുണ്ട്.