ആലുവ: ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നഗരത്തിൽ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങും. ആലുവ സീനത്ത് കവലയിൽ റോഡിൽ പൈപ്പുപൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകി. മാർത്താണ്ഡവർമ്മ പാലത്തിന് സമീപം ജലഅതോറിറ്റിയുടെ ജലവിതരണ കുഴലിൽ ചോർച്ച രൂപപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് സീനത്ത് കവലയിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഉയർന്ന മർദ്ദത്തിൽ വെള്ളം കടത്തി വിട്ടതോടെ റോഡ് തകർത്ത് കുടിവെള്ളം പുറത്തേക്കൊഴുകി. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് സമീപത്തെ കാനയിലേയ്ക്ക് ഒഴുകിയത്.
രണ്ട് മാസം മുമ്പ് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി കേബിൾ വലിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോൾ ഇതേഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു. ഇന്നലെ വൈകിട്ടോടെ പമ്പിംഗ് നിറുത്തി റോഡ് കുഴിച്ച് അറ്റകുറ്റപ്പണി നടത്തി.