മൂവാറ്റുപുഴ: കൊവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഗവൺമെൻ്റ് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം മൂവാറ്റുപുഴ താലൂക്കിൽ ആരംഭിച്ചു. സൗജന്യ റേഷൻ വിതരണം കടകളിൽ ആദ്യ ദിനം വൻതിരക്ക്.താലൂക്കിലെ 159 റേഷൻ കടകളിലും രാവിലെ 9 മണി മുതൽ തന്നെ വിതരണം ആരംഭിച്ച. 85,000 റേഷൻ കാർഡുടമകളാണ് താലൂക്കിലുള്ളത്. ഇതിൽ 12,000 പേർ ഇന്നലെ റേഷൻ വാങ്ങി. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് റേഷൻ വിതരണം.
#തിരക്ക് നിയന്ത്രിക്കാൻ പൊലീസ് രംഗത്തിറങ്ങി
കോലഞ്ചേരിയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് രംഗത്തിറങ്ങി. സർക്കാർ നിർദേശ പ്രകാരം ക്രമനമ്പർ പാലിക്കാതെ ഉപഭോക്താകൾ വന്നതാണ് തിരക്കിനു കാരണമായത്. ഇത്തരത്തിൽ ഇന്നു വന്നവർക്കും കടകളിൽ നിന്നു അരി വിതരണം ചെയ്തു. മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് രാവിലെ സമയം അനുവദിച്ചതെങ്കിലുംമറ്റുള്ളവരും എത്തിയത് വിതരണത്തെ ബാധിച്ചു. രാവിലെ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് തന്നെ രംഗത്തിറങ്ങേണ്ടിവന്നു.സാമൂഹിക അകലം പാലിക്കാനായി പൊലീസ് മാർക്ക് ചെയ്തു നൽകി. മാമല റോഷൻ കടയിൽ വാങ്ങാനെത്തിയവർക്ക് ഇരിപ്പിടം ഒരുക്കി തിരുവാണിയൂർ പഞ്ചായത്തംഗം റെജി ഇല്ലിക്കപറമ്പിൽ മാതൃകയായി.
#റേഷൻ വിതരണം അതീവ സുരക്ഷയിൽ
സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പാലിച്ചാണ് വിതരണം. ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല. ഇക്കാര്യം ഉറപ്പാക്കാൻ വാർഡ് മെമ്പർമാരുടേയും സന്നദ്ധ പ്രവർത്തകരുടേയും സഹായം ലഭിക്കുന്നുണ്ട്. റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമകൾ ക്രമീകരണമുണ്ടാക്കും. ഇതിനും സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തും.