പള്ളുരുത്തി: ഉപാധികളോടെ പള്ളുരുത്തി മാർക്കറ്റ് തുറന്നു. ഒരേ സമയം പത്തിൽ കൂടുതൽ ആൾക്കാർ മാർക്കറ്റിലേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. മാർക്കറ്റ് അടച്ചിടുന്നതോടെ നൂറ് കണക്കിന് തൊഴിലാളികൾ പട്ടിണിയിലാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാർക്കറ്റ് അടച്ചാൽ കച്ചവടക്കാരെ പുറത്ത് കച്ചവടം നടത്താൻ പൊലീസ് സമ്മതിക്കില്ല. പതിനായിരങ്ങൾ കൊടുത്ത് വിൽപ്പനക്കായി എടുക്കുന്ന മത്സ്യങ്ങൾ പലതും കഴിഞ്ഞ ദിവസം ചീഞ്ഞു പോയതായി വ്യാപാരികൾ പറഞ്ഞു. കുറഞ്ഞ വിലക്ക് മത്സ്യവും പച്ചക്കറികളും ഇവിടെ ലഭിക്കുന്നതാണ് ഇത്ര ജനം തടിച്ചുകൂടാൻ കാരണം. മാർക്കറ്റിൽ വരുന്നവർ ഒരു മീറ്റർ അകലം പാലിക്കണമെന്നും ഒരേ സമയം പത്തിൽ കൂടുതൽ ആൾക്ക് മാർക്കറ്റിൽ കയറിയാൽ നടപടി സ്വീകരിക്കുമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകി.