ആലുവ: ലോകത്ത് ആരോഗ്യമേഖലയ്ക്ക് ഭീഷണിയായ കൊവിഡ് -19നെതിരെ ബോധവത്കരണവുമായി കുട്ടിമജീഷ്യന്മാരും. തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അനുജ എ. വടക്കേടത്തും ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥി കൃഷ്ണനുണ്ണി രഞ്ജിത്തുമാണ് കൊവിഡ് വിരുദ്ധ ബോധവ്തരണ മാജിക്കുമായി രംഗത്തുള്ളത്.
കൊവിഡ് - 19 എങ്ങനെ പ്രതിരോധിക്കാം എന്ന് മാജികിലൂടെ വഴിയാത്രക്കാർക്ക് ബോധവത്കരണം നടത്തുകയാണ് കീഴ്മാട് സ്വദേശിയായ ജൂനിയർ മജീഷ്യൻ കൃഷ്ണനുണ്ണി രഞ്ജിത്. സഹായിയായി സഹോദരി കമല രഞ്ജിത്തും കൂടെയുണ്ട്. വഴിയാത്രക്കാർക്ക് മാജിക്കിലൂടെ മാസ്‌കും സാനിറ്റൈസറും നൽകിയാണ് ബോധവത്ക്കരണം നടത്തിയത്. സാമൂഹ്യ പ്രവർത്തകൻ കെ. രഞ്ജിത്ത്കുമാറിന്റെ മക്കളാണ് കൃഷ്ണനുണ്ണിയും കമലയും.
തോട്ടയ്ക്കാട്ടുകര വടക്കേടത്ത് വീട്ടിൽ അഭിഭാഷക ദമ്പതികളായ അനിൽകുമാർ - രാധിക എന്നിവരുടെ മകളാണ് അനുജ എ. വടക്കേടത്ത്. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിൽ മാജിക് പഠിക്കാൻ ചേർന്നിട്ടുണ്ട്. ലോക്ക് ഡൗണിനെത്തുടർന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതി വന്നപ്പോഴാണ് മാജിക്കിൽ കൂടുതൽ പരിശീലനത്തിന് തീരുമാനിച്ചത്. മൊബെൽഫോണിലൂടെ അദ്ധ്യാപകരുമായി ആശയവിനിമയം നടത്തിയാണ് ആദ്യ മാജിക്ക് ഇനമെന്ന നിലയിൽ കൊവിഡ് - 19 ബോധവ്തകരണ മാജിക്ക് തിരഞ്ഞെടുത്തത്. കുട്ടികളിൽ വ്യക്തിശുചിത്വം പ്രോത്സാഹിപ്പിക്കുന്ന പുതിയ മാജിക്കിന് രൂപം നൽകാനാണ് അനുജയുടെ അടുത്തശ്രമം.
.