പള്ളുരുത്തി:റേഷൻ വാങ്ങാൻ പുലർച്ചെ 6 ന് പള്ളുരുത്തി എ.ടി.എസ് ഹോട്ടലിനു മുന്നിലുള്ള റേഷൻ കടക്ക് മുന്നിൽ ആളെത്തി . സർക്കാർ അനുവദിച്ച സൗജന്യ റേഷൻ ഇന്നലെ മുതൽ കൊടുത്തു തുടങ്ങി. എല്ലാ വിഭാഗം കാർഡുകാർക്കും 15 കിലോ അരിയും താഴ്ന്ന കാർഡുകാർക്ക് 35 കിലോ അരിയുമാണ് അനുവദിച്ചിരിക്കുന്നത്. പല റേഷൻ കടകളിലും കാർഡുടമകൾ ഒരു മീറ്റർ അകലം പാലിച്ചാണ് നിന്നത്. പലകടകളിലും ഉപഭോക്താക്കളുടെ തിരക്ക് ഭയന്ന് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. റേഷൻ കടക്കാർക്ക് ഇന്നലെ നിന്ന് തിരിയാൻ സമയമുണ്ടായില്ല. പലരും ഉച്ചഭക്ഷണം വരെ ഒഴിവാക്കിയാണ് റേഷൻ വിതരണം നടത്തിയത്. റേഷൻ വാങ്ങാൻ വന്നവരും റേഷൻ കടക്കാരും മാസ്ക്കും കൈ ഉറയും ധരിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.