കൊച്ചി: ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൊവിഡ് രോഗം മൂലം മരണപ്പെട്ട മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടിന്റെ അടുത്ത ബന്ധുക്കളായ 32 വയസ്സുള്ള യുവതിയും,17 വയസ്സുള്ള യുവാവുമാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന 41 വയസ്സുള്ള ആരോഗ്യ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. മൂവരും അവരുടെ വീടുകളിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ വിമാനത്താവളത്തിൽ നിരീക്ഷണ ജോലിയിലുണ്ടായിരുന്ന രണ്ടാമത്തെ ആരോഗ്യപ്രവർത്തകനാണ് രോഗം ബാധിച്ചത്.
പുതിയതായി 421 പേർ വീടുകളിൽ നിരീക്ഷണത്തിൽ
വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 1112 പേരെ ഒഴിവാക്കി
വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം: 4590
ഇന്നലെ ഏഴു പേരെ കൂടി എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാക്കി
ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ എണ്ണം: 37
22 പേർ എറണാകുളം മെഡിക്കൽ കോളേജിലും അഞ്ചു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, രണ്ടു പേർ ആലുവ ജില്ലാ ആശുപത്രിയിലും, ഏഴു പേർ സ്വകാര്യ ആശുപത്രിയിലും. ഒരാൾ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും
ആശുപത്രികളിലും,വീടുകളിലുമായി നിരീക്ഷണത്തിലുള്ളവർ: 4627.
ഇന്നലെ ലഭിച്ച 19 പരിശോധന ഫലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് പൊസിറ്റീവ്
88 സാമ്പിളുകളുടെ കൂടി ഫലം കൂടി ലഭിക്കാനുണ്ട്
133 കമ്മ്യൂണിറ്റി കിച്ചൺ
ജില്ലയിൽ നിലവിൽ 133 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 98 എണ്ണം പഞ്ചായത്തുകളിലും 35 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്നലെ 38,845 പേർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് 19,476 പേർക്കും നഗരസഭ പ്രദേശത്ത് 19,099 പേർക്കുമാണ് ഭക്ഷണ കിറ്റുകൾ നൽകിയത്.