വൈപ്പിൻ : വൈപ്പിൻ മേഖലയിൽ സൗജന്യ റേഷൻ വിതരണം കൊവിഡ് 19 പ്രതിരോധ നടപടിക്രമങ്ങൾ പാലിച്ച് പുരോഗമിക്കുന്നു. അറുപത് കടകളിലായി മുപ്പതിനായിരം കാർഡുടമകളാണ് വൈപ്പിൻകരയിൽ ഉള്ളത്. മിക്ക കടകളിലും കാർഡുടമകൾ റേഷൻ കടയിലെത്തുമ്പോൾ തന്നെ ടോക്കണുകൾ നൽകുന്നു. കൂട്ടംകൂടാനോ തൊട്ടടുത്തു നിൽക്കാനോ ശ്രമിക്കാതെ തങ്ങളുടെ ടോക്കൺ നമ്പർ വിളിക്കുന്നതനുസരിച്ച് കടയിൽ വന്ന് കാർഡുടമകൾ റേഷൻ സാധനങ്ങൾ വാങ്ങിമടങ്ങുന്നു. എന്നാൽ ടോക്കൺ ഏർപ്പെടുത്താത്ത കടകളിൽ കാർഡുടമകളുടെ നീണ്ടനിര കാണപ്പെട്ടു. കുഴുപ്പിള്ളി, ചാത്തങ്ങാട്, വടക്കേക്കരയിൽ കടതുറക്കുന്നതിനു മുമ്പേ തന്നെ നീണ്ടനിര കാണപ്പെട്ടു. തിരക്കുള്ള കടകളിൽ അതാതിടത്തെ ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും തിരക്ക് നിയന്ത്രിക്കാനുണ്ടായിരുന്നു. ഇത്തരം കടകൾക്ക് സമീപം ഇരിപ്പിടങ്ങളും തയ്യാറാക്കിയിരുന്നു.

ഇന്റർനെറ്റ് തകരാറിനെതുടർന്ന് ചില കടകളിൽ ഇടയ്ക്ക് വിതരണം തടസപ്പെട്ടെങ്കിലും പിന്നീട് ക്രമമായി നടന്നു. സൗജന്യ റേഷൻ വിതരണത്തിന്റെ ആദ്യദിനമായ ഇന്നലെ പതിനഞ്ച് ശതമാനം കാർഡുടമകൾ റേഷൻ വാങ്ങി. ഇരുപതാംതീയതിവരെ വിതരണത്തിന് സമയമുണ്ടെങ്കിലും ഇന്നലത്തെ തോതിൽ തുടർദിവസങ്ങളിലും വിതരണം നടത്താൻ കഴിഞ്ഞാൽ പത്താം തിയതിക്കുള്ളിൽ റേഷൻ വിതരണം പൂർണമാക്കാൻ കഴിയുമെന്നാണ് റേഷൻ കടക്കാരുടെ വിലയിരുത്തൽ.