കൊച്ചി: കൊച്ചിയിലെ വളം നിർമ്മാണശാലയായ ഫാക്‌ട് മാർച്ചിൽ 66,034 ടൺ രാസവളങ്ങൾ വിറ്റഴിച്ച് റെക്കാഡ് കുറിച്ചു. 2019-20 സാമ്പത്തിക വർഷം 2,750 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവും നേടി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില്പനയാണ് മാർച്ചിലേത്. 2019-20ൽ 11,29,476 ടൺ രാസവളങ്ങൾ ഫാക്‌ട് വിറ്റഴിച്ചു. 18 വർഷത്തെ ഏറ്റവും ഉയർന്ന വില്പനയാണിത്. 27,000 മെട്രിക് ടൺ എൻ.പി.കെ കോംപ്ലക്‌സ്, ബെലാറസിൽ നിന്ന് ഇറക്കുമതി ചെയ്തും വിറ്റഴിച്ചു. 8,34,874 ടൺ ഫാക്ടംഫോസിന്റെ വില്പനയും 2,35,922 ടൺ അമോണിയം സൽഫേറ്റിന്റെ വില്പനയും 19 വർഷത്തിനിടയിലെ റെക്കാഡാണ്.
13,103 ടൺ ഫാക്‌ട് ഓർഗനൈസിന്റെ (ഫാക്ട് വിപണനം ചെയ്യുന്ന സിറ്റി കമ്പോസ്റ്റ്) വില്പനയും റെക്കാഡാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 120 ടൺ ജൈവ വളവും വിറ്റഴിച്ചു. മഹാരാഷ്ട്രയിലും ബംഗാളിലും അമോണിയം സൽഫേറ്റിന്റെ വിപണനവും നടത്തി. തമിഴ്‌നാട്ടിൽ നാഷണൽ ഫെർട്ടിലൈസർ ലിമിറ്റഡിന്റെ വളങ്ങളും ഫാക്ട് വിൽക്കുന്നുണ്ട്.