കൊച്ചി: ദേശീയതലത്തിൽ ഗാന്ധിയൻ സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഗാന്ധിയൻ ആശയങ്ങളോട് അടുപ്പം പുലർത്തുന്നവരും ചേർന്നു രൂപീകരിച്ച ഗാന്ധിയൻ കളക്ടീവിന്റെ നേതൃത്വത്തിൽ ഇന്ന് ദേശീയ ഉപവാസദിനമായി ആചരിക്കും.
കേരളത്തിലെ ഗാന്ധിമാർഗ പ്രവർത്തകരുടെ വേദിയായ ഗാന്ധിയൻ കൂട്ടായ്‌മയും ഉപവസിക്കുമെന്ന് ഗാന്ധിസ്മാരക നിധി കേന്ദ്രസമിതി അംഗം കെ.ജി. ജഗദീശൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി.എം. മൈക്കിൾ എന്നിവർ അറിയിച്ചു.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ലോക്ക് ഡൗണിന്റെ നിബന്ധനകൾ പാലിച്ചും സാമൂഹ്യഅകലം ഉറപ്പാക്കിയും തങ്ങളുടെ ഇടങ്ങളിൽ കുടുംബാംഗങ്ങളുമൊത്ത് ഉപവസിക്കും. പ്രാർത്ഥനയ്ക്കും സമയം കണ്ടെത്തും. ഗാന്ധിമാർഗ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഉപവസിക്കും. ഉപവാസത്തിന്റെ ദേശീയതല ഏകോപനം നിർവഹിക്കുന്നത് കൂടങ്കുളം സമരനായകൻ എസ്.പി. ഉദയകുമാറാണ്.
# നടപടികൾക്ക് പിന്തുണ
മാനവവംശം ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തമുഖത്ത് ഇന്ത്യൻ ജനതയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും കാര്യക്ഷമതയോടെ രോഗത്തെ അതിജീവിക്കുന്നതിന് പരിശ്രമിക്കുന്നതായി കൂട്ടായ്മ വിലയിരുത്തുന്നു. ലോക്ക് ഡൗൺ പോലെയുള്ള തീരുമാനങ്ങൾ അംഗീകരിക്കുകയും സഹകരിക്കുകയും ചെയ്യുന്നതിനൊപ്പം തീരുമാനം നടപ്പാക്കുന്നതിൽ സംഭവിച്ച ആസൂത്രണമില്ലായ്‌മയിലേക്ക് ദേശീയ മന:സാക്ഷി ഉണർത്തുകയും ഉപവാസത്തിന്റെ ലക്ഷ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.