police

കൊച്ചി :എറണാകുളം ജില്ലയിലെ റേഷൻ കടകളിലും പൊലീസ് നിരീക്ഷണം കൂടുതൽ കർക്കശമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചാണ് റേഷൻ വിതരണമെങ്കിലും ഇന്നലെ ഭൂരിഭഗം കടകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റേഷൻ കടകളിലും പൊലീസ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒരേസമയം അഞ്ച് ആളുകളിൽ കൂടാൻ പാടില്ലെന്ന് നിർദേശിച്ചിരുന്നെങ്കിലും പലയിടത്തും ആളുകളുടെ നീണ്ട നിരയുണ്ടായിരുന്നു. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി മതിയായ അകലം പാലിച്ചായിരുന്നു വിൽപ്പന. എങ്കിലും ചിലയിടത്ത് ആളുകൾ കൂട്ടംകൂടിയത് തർക്കത്തിലേക്ക് നീങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. ചില കടകളിൽ ഇന്റർനെറ്റ് തകരാറുമൂലം ഇ-പോസ് മെഷീൻ പണിമുടക്കിയത് റേഷൻ വിതരണം തടസ്സപ്പെട്ടതും തിരക്ക് കൂടാൻ കാരണമായിരുന്നു.

അതേസമയം, ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം വീണ്ടും വർദ്ധിച്ചത് പൊലീസിന് തലവേദനയായിട്ടുണ്ട്. ഇന്നലെ ജില്ലയിൽ 110 കേസുകളിലായി 111 പേരാണ് അറസ്റ്റിലായത്. 78 വാഹനങ്ങൾ പിടിച്ചെടുത്തു. എറണാകുളം റൂറൽ പരിധിയിലാണ് കേസുകൾ ഏറെയുള്ളത്. 60 കേസുകളിലായി 57 പേരാണ് ഇവിടെ അറസ്റ്റിലായത്. 48 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊച്ചി സിറ്റിയിൽ 50 കേസുകളിലായി 54 പേരെ അറസ്റ്റ് ചെയ്യുകയും 30 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന കൂടുതൽ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.