കൊച്ചി: ബ്രിട്ടീഷ് പൗരനായ ബ്രയാൻ നീൽ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടതോടെ എറണാകുളം ജില്ലയിൽ കോവിഡ് രോഗം പൂർണമായി മാറിയവരുടെ എണ്ണം ഏഴായി. മൂന്നാർ യാത്രാ സംഘത്തിലുണ്ടായിരുന്ന നാലു പേരും കണ്ണൂർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പെരുമാണ് അസുഖം ഭേദമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡ് വിട്ടത്. ഫെബ്രുവരി അവസാന വാരത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണിവർ. ഇന്നലെ 3 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 17 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ, മട്ടാഞ്ചേരി സ്വദേശികളായ യുവതി, യുവാവ് എന്നിവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മൂവരെയും എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആരോഗ്യ പ്രവർത്തകനാണിത്.
മാർച്ച് 19 മുതൽ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാൻ നിയോഗിച്ച ആരോഗ്യ വകുപ്പ് സംഘത്തിലെ ഒരേ ബാച്ചിൽ ഉണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് രണ്ടുപേരും. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് 30ന് ആലുവ ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധനയ്ക്കായി സാമ്പിൾ നൽകുകയായിരുന്നു. 30 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും 4 ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘത്തെയാണ് 19 മുതൽ വിമാനത്താവളത്തിൽ നിയോഗിച്ചത്. 15 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരടങ്ങുന്ന 2 സംഘങ്ങളായിട്ടായിരുന്നു പ്രവർത്തനം. ഇവരെല്ലാം നിരീക്ഷണത്തിലാണ്. കോവിഡ് ബാധിച്ചു മരിച്ചയാളുടെ ബന്ധുക്കൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇവരെ കൂടാതെ അയാളുമായി സമ്പർക്കം പുലർത്തിയ 44 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്.