nell

ആലപ്പുഴ: കുട്ടനാട്ടിലെ വിളവെടുപ്പ് മുന്നേറവേ ഉപ്പുവെളളം കയറിയ പാടശേഖരങ്ങളൊഴികെ ബാക്കി പാടങ്ങളിൽ നിന്ന് ലഭിച്ചത് പ്രതീക്ഷിത വിളവ്. 27,000 ഹെക്ടർ കൃഷിയിൽ 14,000 ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയായപ്പോൾ ഹെക്ടറിന് ഏഴര മുതൽ എട്ടു ടൺ വരെ നെല്ല് ലഭിച്ചതായാണ് കണക്ക്. മികച്ച വിളവ് കർഷകർക്ക് ആശ്വാസം പകരുന്നു. നെല്ല് സംഭരണം തുടർച്ചയായി നടക്കുന്നുണ്ട്.

പ്രളയത്തിന് ശേഷമുള്ള വിളവെടുപ്പിന്റെയത്ര വിളവ് ലഭിച്ചിലെങ്കിലും മണ്ണിലെ വിളക്കൂറിന്റെ സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിളവ്. വർഷത്തിൽ ഒരു തവണമാത്രം കൃഷിയിറക്കുന്ന വെളിയനാട് ബ്ലോക്കിലെ പാടങ്ങളിൽ നിന്ന് ഹെക്ടറിൽ ഏഴര ടൺമുതൽ എട്ടു ടൺ വരെ വിളവ് ഇത്തവണ ലഭിച്ചു.അമ്പലപ്പുഴ, തകഴി, കരുവാറ്റ, കൈനകരി, ചമ്പക്കുളം, എടത്വ, തലവടി, ചെറുതന, വെളിയനാട്, കാവാലം, പുളിങ്കുന്ന്, മുട്ടാർ, മണ്ണഞ്ചേരി, നീലംപേരൂർ, വീയപുരം, ഹരിപ്പാട്, വെൺമണി എന്നിവയാണ് കൊയ്ത്തുകഴിഞ്ഞ പ്രധാന മേഖലകൾ.
ഉപ്പുവെള്ളം കയറിയതും വെള്ളം കയറ്റിറക്ക് സുഗമാകാതിരുന്നതും കാരണം ആദ്യം വിളവെടുപ്പ് നടന്ന 3000ത്തോളം ഹെക്ടറിൽ വിളവ് അത്ര മികച്ചതായിരുന്നില്ല.ഹെക്ടറിൽ അഞ്ചുമുതൽ ആറുവരെ ടൺ നെല്ലാണ് ലഭിച്ചത്. നാലുടൺവരെ മാത്രം ലഭിച്ച പാടവും ഉണ്ട്. ആലപ്പുഴ ജില്ലയിൽ ഇതുവരെ 63,200 ടൺ നെല്ല് സംഭരിച്ചു. ദിവസേന 100 ലോഡ് നെല്ലുകയറ്റി അയയ്ക്കുന്നു.നെല്ല് ഇറക്കി ലോറികൾ കൃത്യമായി തിരിച്ചുവരുന്നതിനാൽ സംഭരണത്തിന് തടസമില്ല. വള്ളത്തിലും നെല്ലുകയറ്റി അയയ്ക്കുന്നുണ്ട്.