കൊച്ചി: ആദിവാസികൾക്ക് കാടുകളിൽ പതിവുപോലെ ഇഷ്ടാനുസരണം ജീവിക്കാം. നാട്ടിലേക്ക് കടക്കാൻ അനുവാദമില്ല. പുറത്തുനിന്നുള്ളവർക്ക് ഉൗരുകളിലേക്കും പ്രവേശനമില്ല. കൊവിഡ് -19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോതമംഗലം കുട്ടമ്പുഴ കോളനിയിലാണ് നാട്ടുകാർക്ക് ഉൗരുവിലക്ക് ഏർപ്പെടുത്തിയത്.

പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണസമിതി എന്നിവർ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ഇവിടെ ഏഴുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. കൊവിഡ് പിടിപെട്ട് മരിച്ച ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടിന്റെ ഡ്രൈവറുടെ ഭാര്യ കുട്ടമ്പുഴ കോളനിയിലെ അന്തേവാസിയാണ്. പരിശോധനാഫലം പോസിറ്റിവായ ഭർത്താവ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിശോധനാഫലം നെഗറ്റീവാണെങ്കിലും യുവതി ഇവിടെയുള്ള കുടുംബവീട്ടിൽ നിരീക്ഷണത്തിലാണ്.

# ഭക്ഷ്യവസ്തുക്കളും മരുന്നും വീട്ടിലെത്തും

പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും കുട്ടമ്പുഴയിലെ ആറായിരത്തോളം താമസക്കാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ മുഴുവൻ അധികൃതർ എത്തിച്ചുകൊടുത്തു. മാസ്‌ക് ഉൾപ്പെടെ മുൻകരുതലുകൾ സ്വീകരിച്ച് ആദിവാസി പ്രമോട്ടർമാരാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ബോധവത്കരണവും നൽകുന്നുണ്ട്.

സ്ഥിരമായി മരുന്ന് കഴിക്കുന്നവരുമായി ആരോഗ്യ പ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് മരുന്നുകൾ തീരുന്ന മുറയ്ക്ക് എത്തിച്ചുകൊടുക്കും. കീമോ ചികിത്സയ്ക്കായി ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്താൻ രോഗിക്ക് വാഹനസൗകര്യം ഏർപ്പാടാക്കി. അപൂർവമായ കരിമ്പനി രോഗവുമായി മല്ലിടുന്ന പെരുമ്പാവൂർ വേങ്ങൂർ പൊങ്ങിൻചുവട് കോളനിയിലെ അന്തേവാസിയെ ചികിത്സയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നുണ്ടെന്ന് ജില്ലാ ട്രൈബൽ ഓഫീസർ അനിൽകുമാർ പറഞ്ഞു.

# ഒറ്റപ്പെട്ട അട്ടപ്പാടിക്കാർക്കും സംരക്ഷണം

ആലുവ എരുമത്തലയിൽ ജോലി ചെയ്തിരുന്ന അട്ടപ്പാടി സ്വദേശികളായ രണ്ടു യുവാക്കൾ ലോക്ക് ഡൗണിനെ തുടർന്ന് കമ്പനി പൂട്ടിയതോടെ പ്രതിസന്ധിയിലായി. അധികൃതർ ഇടപെട്ട് ഇവർക്ക് താമസം ഉറപ്പാക്കി. സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനാൽ തൊട്ടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ എത്തിക്കാൻ ഏർപ്പാട് ചെയ്തു.

കളമശേരി ഏലൂരിൽ താമസിക്കുന്ന പട്ടികവർഗക്കാർക്ക് മൂന്നുനേരവും സമൂഹ അടുക്കളയിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.പറവൂർ, ഉദയംപേരൂർ,പാമ്പാക്കുട, വെങ്ങോല എന്നിവിടങ്ങളിലാണ് മറ്റു പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്നത്.

# പോഷകാഹാര കിറ്റ് വിതരണം തുടരുന്നു

60 ന് മീതേ പ്രായമുള്ളവർ, കിടപ്പുരോഗികൾ എന്നീ വിഭാഗങ്ങളിലായി 1317 പേരുണ്ടെന്ന് കണ്ടെത്തി. ഇതിൽ 498 പേർക്ക് പോഷകാഹാരകിറ്റ് നൽകി. ബാക്കിയുള്ളവർക്ക് രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും. മൂന്നുകിലോ ഗോതമ്പ് നുറുക്ക്, ചെറുപയർ, വൻപയർ, കടല, ശർക്കര, വെളിച്ചെണ്ണ എന്നിവ അര കിലോ വീതം കിറ്റിലുണ്ട്.

# സ്ഥിരവരുമാനമില്ലാത്തവർക്കും സഹായം

ഈ വിഭാഗത്തിൽ 2,540 പേരാണുള്ളത്. പത്ത് കിലോ അരി, ചെറുപയർ, വൻപയർ, കടല, പഞ്ചസാര ഓരോ കിലോ വീതം, അരലിറ്റർ വെളിച്ചെണ്ണ, തേയില കാൽ കിലോ, രണ്ട് സോപ്പ് എന്നിവയാണ് ഇവർക്ക് നൽകുന്നത്.