ചെന്നൈ: കൊവിഡ് 19 ബാധിതരുടെ എണ്ണത്തിൽ പ്രതിദിനം വർദ്ധനവ് വരുന്നതോടെ സംസ്ഥാനത്തെ മുഴുവൻ കൊറോണ വൈറസ് ബാധിത പ്രദേശമായി തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 110 കേസുകളാണ് കോവിഡ് 19 പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് നടപടി. കൊവിഡ് പോസിറ്റീവ് കേസ് കണ്ടാൽ എല്ലാ ആശുപത്രികളും രേഖാമൂലം അക്കാര്യം അറിയിക്കണം. ഉത്തരവ് പാലിക്കാത്ത ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്യുമെന്നു പൊതുജനാരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എല്ലാ ആശുപത്രികളെയും സ്ഥിരമായി അണുവിമുക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.