കോലഞ്ചേരി: കുന്നത്തുനാട് പൊലീസ് ലോക്കപ്പിൽ, പ്രതിയില്ല, പകരം അരി മാത്രം. സ്റ്റേഷനിലെ സ്ഥലപരിമിതി മൂലമാണ് അരിച്ചാക്കുകൾ ലോക്കപ്പിലേയ്ക്ക് മാറ്റിയത്.
ഭക്ഷണത്തിന് ബുദ്ധി മുട്ടുന്നവർക്ക് നൽകാനുള്ളതാണ് അരി. ഇന്നലെ പട്ടിമറ്റം ടൗണിൽ പണമില്ലാതെ മരുന്നു വാങ്ങാനെത്തിയ ചൂരക്കോട് സ്വദേശിനിയായ വൃദ്ധയ്ക്ക് മരുന്ന് വാങ്ങു നല്കി, കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണവും തരപ്പെടുത്തി പൊലീസ് വാഹനത്തിൽ വീട്ടിലെത്തിച്ചാണ് നാട്ടുകാരുടെ കൈയ്യടി നേടിയത്.
പട്ടിമറ്റത്ത് കുന്നത്തുനാട് പഞ്ചായത്തും ജനമൈത്രി പൊലീസും സഹകരിച്ചാണ് കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കിയത്. 4,5 , 6, 7,8 ,9 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ആണ് കിച്ചന്റെ പ്രവർത്തനം.
പഞ്ചായത്തംഗങ്ങളും പൊലീസും നിർദ്ദേശിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. നെല്ലാട് ശിവ ക്ഷേത്രത്തിലെ ഉത്സവം മാറ്റി വച്ചതോടെ അന്നദാനത്തിന് കരുതിയിരുന്ന അരിയും, പല വ്യഞ്ജനങ്ങളും ഭാരവാഹികൾ പൊലീസിന് കൈമാറി.
വലമ്പൂർ ജനസേവ റെസിഡന്റ്സ് അസോസിയേഷൻ അവശ്യ വസ്തുക്കളും ഭക്ഷ്യ ധാന്യങ്ങളും നൽകി.