കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസിൽ താമസിക്കുന്ന കർദ്ദിനാൾ ജോർജ് ആലഞ്ചേരി 12കിലോമീറ്റർ അകലെ എറണാകുളം ബസലിക്കയിൽ മൂന്നു ദിവസവും എത്തിച്ചേർന്ന് വിശുദ്ധവാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് തടയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു.
യാത്രകളും കൂട്ടംചേരലുകളം വിലക്കി ലോക്ക് ഡൗൺ ഉത്തരവിനെ വെല്ലുവിളിക്കുന്ന നടപടി വിശ്വാസികളിലും പൊതുസമൂഹത്തിലും തെറ്റായ സന്ദേശം നൽകും. കർദ്ദിനാളിന്റെയും മറ്റു മെത്രാന്മാരുടെയും സാന്നിദ്ധ്യം കർമ്മങ്ങളിൽ വർദ്ധിച്ച ജനപങ്കാളിത്തം ക്ഷണിച്ചുവരുത്തും.
കർദ്ദിനാളിനെയും എറണാകുളം അങ്കമാലി അതിരൂപത അധികാരികളെയും ബസലിക്ക പള്ളി വികാരിയെയും വിലക്കി ബസലിക്കയിൽ ഒത്തുചേരാൻ സാദ്ധ്യതയുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനും പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പൊലീസ് നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ ആവശ്യപ്പെട്ടു.