കോലഞ്ചേരി: അലങ്കാര മീനും, പക്ഷികളും, അരുമ മൃഗങ്ങളും പട്ടിണിയിൽ. ഇവയ്ക്കുള്ള തീറ്റയും മരുന്നുകളും കൊവിഡ് 19 പ്രതിരോധത്തിൽ കുടുങ്ങി.
ആഫ്രിക്കൻ ലൗ ബേർഡ് പോലെയുള്ള ചിലയിനം പക്ഷികൾ ചൂടു സഹിക്കില്ല. വില്പന കേന്ദ്രങ്ങൾ അടച്ചിട്ടതിനാൽ ഇവയുടെ ജീവനുകൾ അപകടത്തിലാണ്. തീറ്റ കൊടുക്കാനും കൂടുകൾ വൃത്തിയാക്കാനും രാവിലെ ഒരു നേരം കടകൾ തുറക്കാൻ അനുമതിയുണ്ട്. പക്ഷികൾക്ക് നൽകേണ്ട
സൺ ഫ്ലവർ സീഡ്, തിന, സീഡ് മിക്സ് തുടങ്ങിയവ കർണ്ണാടക, മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. ലോക്ക് ഡൗൺ വന്നതിനു ശേഷം തീറ്റ വണ്ടി എത്തിയിട്ടില്ല. ഉള്ള സ്റ്റോക്ക് കഴിയാറായി ഇനിയും വൈകിയാൽ എന്തു ചെയ്യുമെന്നറിയില്ല, പക്ഷികൾ പലതും വിദേശികളായതിനാൽ മറ്റു നാടൻ തീറ്റകളൊന്നും കൊടുക്കാനും കഴിയില്ലെന്ന് കാക്കനാട് ആൽഫ പെറ്റ് കോർണറിലെ ആദിൽ റഹ്മാൻ പറഞ്ഞു.
വില കൂടിയ ഇനങ്ങളെ വീട്ടിലേയ്ക്ക് മാറ്റിയാണിപ്പോൾ പരിചരിക്കുന്നത്. വൻ നഷ്ടമാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ നേരിടുന്നത്. അലങ്കാര മത്സ്യങ്ങളുടെ ചെറുകിട വില്പന ശാലകളിലെ മിക്കവാറും മീനുകളെല്ലാം ചത്തു കഴിഞ്ഞു. 10000 - 20000 രൂപയുടെ വരെ സ്റ്റോക്കാണ് ഓരോ കടകളിലുമുള്ളത്. ഒരു നേരമെത്തി വെള്ളം മാറിയും തീറ്റയും നല്കിയാണ് പിടിച്ചു നില്ക്കാൻ കടയുടമകൾ ശ്രമം നടത്തിയത്. വെള്ളത്തിന്റെ ചൂടു മാറ്റം, പി.എച്ച് വ്യത്യാസങ്ങൾ, രോഗം കണ്ടെത്തൽ, മരുന്ന് നൽകൽ തുടങ്ങിയ കാര്യങ്ങൾ സദാസമയവും നിരീക്ഷിച്ചെങ്കിൽ മാത്രമേ ഫലപ്രദമായി ചെയ്യാനാകൂ.
ഇത് സാധിക്കാത്തതിനാലാണ് മീനുകൾ കൂട്ടമായി ചത്തു പോകുന്നത്. ഗതാഗതം നിലച്ചതോടെ തീറ്റയുടെയും മരുന്നുകളുടെയും വരവ് നിലച്ചു.
ചെറുതും വലുതുമായ ഒട്ടനേകം ഫാമുകളും കടകളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അലങ്കാര മത്സ്യ കൃഷി നടത്തുന്നവർക്കും ഏറെ ദുരിതമായി. തീറ്റയുടെ അളവ് കുറച്ചതോടെ ചില മീനുകൾ ചെറു മീനുകളെ ഭക്ഷണമാക്കുന്നുണ്ട്.
പ്രതിദിനം 40 കിലോ ഫിഷ് ഫീഡാണ് വേണ്ടത്, വില്പന നടക്കാതയതോടെ സംരക്ഷണം ബാദ്ധ്യതയാവുകയാണെന്ന് കീഴില്ലം അറ്റ്ലാന്റ ഫിഷ് ഫാമുടമ ടി.ജി മനോജ് പറഞ്ഞു.
അരുമ മൃഗങ്ങൾക്കും ദോഷകരമാണ് ഇത്തരം അന്തരീക്ഷം. മിക്ക കടയുടമകളും ചെറുകിട സ്വയംതൊഴിൽ വായ്പകളും മറ്റ് ബാങ്ക് വായ്പകളും ഉപയോഗിച്ചാണ് സംരംഭം നടത്തിക്കൊണ്ടുപോകുന്നത്. സ്വന്തം കട അല്ലാത്തവർക്ക് വാടകയിനത്തിൽത്തന്നെ വലിയൊരു തുക ഓരോ മാസവും വേണം.കടകളിൽനിന്നും ഫാമുകളിൽനിന്നും അലങ്കാരമീനുകൾ വാങ്ങിക്കൊണ്ടുപോയവർക്കും തീറ്റയുടെ ലഭ്യതക്കുറവ് പ്രശ്‌നമാകുന്നുണ്ട്.