വിജയവാഡ: ആന്ധ്രയിൽ 21 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 132 രോഗികളാണുള്ളത്. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ 87 രോഗികളിൽ 64 പേർ മാർച്ച് മൂന്നാം വാരത്തിൽ ഡൽഹി നിസാമുദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 20 കേസുകൾ വീതം നെല്ലൂരും ഗുണ്ടൂരും റിപ്പോർട്ട് ചെയ്തു. പ്രകാശം 17, കടപ്പ 15, കൃഷ്ണ 15, പശ്ചിമ ഗോദാവരി 14 എന്നിങ്ങനെയാണ് ആന്ധ്രയിലെ കൊവിഡ് ബാധിതരുടെ കണക്ക്.
ഇന്ന് പുറത്തുവന്ന കണക്കുകൾ പ്രകാരം ഡൽഹിയിൽ നിന്ന് മടങ്ങി വന്ന ആറു പേരിൽ കൂടി കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വിദേശത്തുനിന്നും വന്ന പത്തോളം പേർക്ക് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുമായി അടുത്ത ബന്ധമുള്ള ആറ് പേർക്കും സമ്പർക്കം മൂലം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.