കോലഞ്ചേരി: പീഡാനുഭവ ശുശ്രൂഷ അഞ്ചു പേരിലൊതുക്കാൻ യാക്കോബായ സഭ തീരുമാനം. പ്രാർത്ഥനകൾ നവ മാദ്ധ്യമങ്ങളും പ്രാദേശിക ചാനലുകളും ലൈവ് നല്കും, വീട്ടിലിരുന്ന് പങ്കെടുക്കാം. ആരാധനകൾക്ക് കാർമ്മികനും ശുശ്രൂഷകരും ഉൾപ്പെടെ അഞ്ചു പേർ മാത്രം. കഷ്ടാനുഭവ ആഴ്ചയിലെ യാമ പ്രാർത്ഥനകൾ ഭവനങ്ങളിൽ നടത്തും.
ഒരു സാഹചര്യത്തിലും അഞ്ചു പേരിൽ കൂടുതലാളുകൾ പള്ളി മതിൽക്കെട്ടിനകത്ത് ഉണ്ടാകാത്തവിധം പ്രാർത്ഥനകൾ പൂർത്തീകരിക്കാൻ യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർദേശങ്ങൾ നൽകി.
ഓശാന ഞായർ രാവിലെ 6.30 മുതൽ ഒമ്പതു വരെ വിശുദ്ധ കുർബാനയും ശുശ്രൂഷയും.
പെസഹാ വ്യാഴം രാവിലെ നാലു മുതൽ ആറുവരെ ചടങ്ങുകൾ. ഓശാന, ദു:ഖവെള്ളി, ഉയിർപ്പ് ശുശ്രൂഷകളിലെ പ്രദക്ഷിണം പള്ളിക്കകത്തു മാത്രം.
ഈസ്റ്റർ ദിനത്തിൽ ശുശ്രൂഷകൾ രാവിലെ നാല് മുതൽ ആറ് വരെ.
സഭയുടെ ജെ.എസ്.സി ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ തത്സമയ സംപ്രേഷണമുണ്ടാകും.