കൊച്ചി: കൊവിഡ് 19 ന്റെ പേരിൽ സർക്കാർ ജീവനക്കാർക്ക് നിർബന്ധപൂർവം സാലറി ചലഞ്ച് നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. ആരോഗ്യ പ്രവർത്തകരും അതുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരും വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. മാത്രമല്ല കൊവിഡ് ബാധ സർക്കാർ ജീവനക്കാരടക്കം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുന്ന ഈ സന്ദർഭത്തിൽ നിർബന്ധിതമായ പണപ്പിരിവ് ശരിയല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും സുതാര്യമല്ല. ഓഡിറ്റിംഗ് നടത്താൻ കഴിയുന്ന തരത്തിൽ പ്രത്യേക അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ട് മാറ്റണമെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.
സർക്കാർ കൊണ്ടുവന്ന കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസിലെ 2 സി പിൻവലിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. വേണ്ടി വന്നാൽ സംസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചിടാൻ വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് ഇപ്പോഴത്തെ സാഹചര്യത്തിൽ ധാർമ്മികമാണോയെന്ന് സർക്കാർ ചിന്തിക്കണം. കാസർകോട് അതിർത്തി കർണാടക സർക്കാർ അടച്ചിട്ടത് ധാർമിക പ്രശ്‌നമായി ഉന്നയിക്കുകയും കോടതിയിൽ ചോദ്യ ചെയ്യുകയും ചെയ്ത സർക്കാർ തന്നെ ഇത്തരമൊരു ഓർഡിനൻസ് ഇറക്കിയത് ശരിയല്ല. ഓർഡിനൻസിലെ അധാർമ്മികമായ ഇത്തരം വകുപ്പുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.