# 1980 മുതൽ തുടർച്ചയായി എല്ലാ മദ്ധ്യവേലവധി കാലത്തും കാരിക്കാമുറി ക്രോസ് റോഡിലെ വസതിയിൽ കുട്ടികൾക്ക് ചിത്രകലാ ക്യാമ്പ് നടത്തിയിരുന്ന ടി. കലാധരൻ ലോക്ക് ഡൗൺ കാലത്തെ കലാപരിശീലനത്തെ കുറിച്ച് സംസാരിക്കുന്നു
കൊച്ചി: സ്കൂൾ, ട്യൂഷൻ പഠന തിരക്കുമായി പായുന്ന കുട്ടികൾക്ക് കലാലോകത്തെ കുറിച്ച് അറിയാൻ അല്പ സമയം ലഭിച്ചിരുന്നത് മദ്ധ്യവേനലവധി കാലത്തായിരുന്നു. ഇത്തവണ കൊവിഡ് ഭീഷണി മൂലം ആ വഴി അടഞ്ഞു. ചിത്രകലയോട് അഭിരുചിയുള്ളവർക്ക് ഇതും ഒരു അവസരമായി കാണാം. ക്രയോൺസും കളർ പെൻസിലും എല്ലാവരുടെയും കൈവശമുണ്ടാകില്ലേ. ഇല്ലാത്തവർക്ക് പെൻസിലോ മഷിപ്പേനയോ കൊണ്ടോ അഡ്‌ജസ്റ്റ് ചെയ്യാം.
പഴയ ബുക്കുകളിലെ മിച്ചമുള്ള പേജുകളിൽ ഇഷ്‌ടമുള്ള ചിത്രങ്ങൾ വരയ്ക്കാം. കളറു ചെയ്യാം. ചിരട്ട കലാരൂപമാക്കാം. ഒഴിഞ്ഞ കുപ്പികളിൽ ആർട്ട് വർക്ക് ചെയ്യാം. കുമ്പളങ്ങ, വെള്ളരിക്ക, വഴുതനങ്ങ എന്നിവയുടെ വിത്തുകൾ കൊണ്ട് അലങ്കാരപ്പണികൾ ചെയ്യാം.
പഴയ പാത്രങ്ങളിൽ പയറോ കടലയോ മുളപ്പിക്കാം. കുഞ്ഞുമുളകളുടെ ചിത്രം കടലാസിലേക്ക് പകർത്താം. ചുറ്റുമുള്ള കാഴ്ചകളിലേക്ക് കുഞ്ഞുങ്ങളുടെ കണ്ണു തുറക്കട്ടെ. നിരീക്ഷണ സാമർത്ഥ്യമാണ് കലാകാരനെ സൃഷ്‌ടിക്കുന്നത്.
ദാഹിച്ചുവലയുന്ന പക്ഷികൾക്കും നായ്ക്കൾക്കും വെള്ളം നൽകാൻ കുട്ടികളെ പരിശീലിപ്പിക്കാം. മീൻകാരന് വേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുന്ന പൂച്ചക്കുട്ടിയെ കാട്ടിക്കൊടുക്കാം.
എല്ലാത്തിനുമപ്പുറം അച്‌ഛനമ്മമാരുടെ ഒപ്പം കുറച്ചു ദിവസങ്ങൾ മുഴുവൻ ചെലവഴിക്കാൻ കിട്ടിയെന്നതാണ് കുട്ടികളുടെ ഏറ്റവും വലിയ ഭാഗ്യം. മക്കൾക്ക് ഒപ്പം കളിക്കാനും അവരുടെ ആഗ്രഹങ്ങൾ അറിയാനും വീട്ടുകാർക്ക് സമയം ലഭിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇത് പ്രകൃതിയുടെ കടംവീട്ടലാണെന്ന് ഞാൻ കരുതുന്നു.